Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല ​പോലെ വന്ന...

മല ​പോലെ വന്ന അണ്ണാമലൈ, തലകുനിച്ച് മടക്കം; ‘സിങ്കം ​ഐ.പി.എസി’ന്റെ പൊളിറ്റിക്കൽ ട്രാജഡി

text_fields
bookmark_border
K Annamalai
cancel

ചെന്നൈ: തമിഴ്‌നാട് ബി.ജെ.പിയിൽ നിന്നും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ചുവടുവെക്കുന്ന കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ജീവിതം നാടകീയമായ വഴിത്തിരിവുകളുടേതാണ്. സിവിൽ സർവിസിലെ തിളക്കമാർന്ന കരിയർ ഉപേക്ഷിച്ചാണ് അദ്ദേഹം തമിഴ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ ഇറങ്ങിതിരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ തരംഗമുണ്ടാക്കുകയും അത്രത്തോളം തന്നെ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത നേതാവാണ് കെ. അണ്ണാമലൈ.

1984 ജൂൺ 4-ന് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ, രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള ഗൗണ്ടർ സമുദായത്തിലെ ഒരു കർഷക കുടുംബത്തിലാണ് അണ്ണാമലൈയുടെ ജനനം. ശിവ സെന്തിൽ കുമാർ എന്നായിരുന്നു യഥാർത്ഥ പേര്. പിന്നീട് സ്‌കൂൾ സർട്ടിഫിക്കറ്റിൽ അണ്ണാമലൈ എന്നാക്കുകയായിരുന്നു. കോയമ്പത്തൂർ പി.എസ്.ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങും, പ്രശസ്തമായ ഐ.ഐ.എം ലഖ്‌നൗവിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി.

2011ൽ സിവിൽ സർവിസ് പരീക്ഷ വിജയിച്ച് ഐ.പി.എസ് ഓഫീസറായി കരിയർ ആരംഭിച്ചു. കർണാടകയിലെ പൊലീസ് സേവനത്തിനിടയിൽ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെ അദ്ദേഹം ജനപ്രിയനായി. തെന്നിന്ത്യൻ സൂപ്പർഹിറ്റ് ചിത്രമായ 'സിങ്ക'ത്തിലെ സത്യസന്ധനായ പൊലീസ് ഓഫിസർ ദുരൈസിങ്കത്തെ ഓർമ്മിപ്പിക്കുന്ന പ്രവർത്തന ശൈലി കാരണം ജനങ്ങൾ അദ്ദേഹത്തെ 'സിങ്കം അണ്ണാമലൈ' എന്ന് വിളിച്ചിരുന്നു.

ഉഡുപ്പിയിൽ നിന്നും അദ്ദേഹത്തെ മാറ്റിയപ്പോൾ ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചതുമെല്ലാം ജനപ്രീതിയുടെ തെളിവായിരുന്നു. എന്നാൽ, വിരമിക്കാൻ കാത്തുനിൽക്കാതെ 2019 മേയിൽ ബംഗളൂരു സൗത്ത് ഡി.സി.പി പദവിയിലിരിക്കെ അദ്ദേഹം ഐ.പി.എസ് രാജിവെച്ചു.

ഐ.പി.എസ് വിട്ടതിനുശേഷം 'വി ദ ലീഡർ ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒയിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അണ്ണാമലൈ. പിന്നീട് 2020 മേയിൽ ഒരു ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. വ്യവസ്ഥിതിയിൽ മാറ്റം കൊണ്ടുവരാൻ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

2020 ആഗസ്റ്റിൽ ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരവകുറിച്ചി മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും പാർട്ടിയെ രണ്ട് സീറ്റുകളിൽ വിജയിപ്പിക്കാൻ അദ്ദേഹം കഠിനപ്രയത്നം ചെയ്തു. തുടർന്ന് അന്നത്തെ സംസ്ഥാന അധ്യക്ഷൻ എൽ. മുരുകന് പകരം പാർട്ടിയിലെ മുതിർന്ന സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ അടുത്ത അനുയായിയായ അണ്ണാമലൈ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനായി നിയമിതനായി.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ ദ്രാവിഡ പാർട്ടികൾക്കെതിരെയുള്ള പ്രസംഗങ്ങളിലൂടെ അണ്ണാമലൈ തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ ദൃശ്യത വർദ്ധിപ്പിക്കുകയും യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നാൽ അധ്യക്ഷ പദവിയിൽ ഇരിക്കെ ബി.ജെ.പിക്കുള്ളിലെയും ആർ.എസ്.എസിലെയും ശക്തമായ ബ്രാഹ്മണ ലോബിയിൽ നിന്നും അണ്ണാമലൈക്ക് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെക്കെതിരെ അദ്ദേഹം തുടർച്ചയായി നടത്തിയ വിമർശനങ്ങളും, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായുള്ള വ്യക്തിപരമായ ശത്രുതയും 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം തകരുന്നതിലേക്ക് നയിച്ചു. ദ്രാവിഡ പാർട്ടികൾക്ക് പകരമായി ബി.ജെ.പിയെ തമിഴ്‌നാട്ടിൽ വളർത്താൻ ശ്രമിച്ച അണ്ണാമലൈ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

ദ്രാവിഡ ശക്തികൾക്ക് ബദലായി മാറുക എന്ന അണ്ണാമലൈയുടെ സ്വപ്നം ഇത്തവണ വോട്ടർമാർ നടപ്പിലാക്കിയത് നടൻ ജോസഫ് വിജയിന്റെ തമിഴക വെട്രി കഴകത്തിലൂടെയായിരുന്നു. തമിഴ്‌നാട്ടിൽ ബി.ജെ.പി ഇപ്പോൾ വോട്ട് വിഹിതത്തിൽ അഞ്ചാം സ്ഥാനത്തും സീറ്റുകളുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്തുമാണ്. വെറും മൂന്ന് ശതമാനം വോട്ട് വിഹിതവും ഒരൊറ്റ സീറ്റും മാത്രമാണ് ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേടാനായത്. ഈ കനത്ത പരാജയമാണ് പാർട്ടിക്കുള്ളിലെ ഭിന്നതകൾ രൂക്ഷമാക്കിയതും, ഒടുവിൽ ബി.ജെ.പി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള അണ്ണാമലൈയുടെ അപ്രതീക്ഷിത തീരുമാനത്തിലേക്ക് നയിച്ചതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationpolitical newsTamilnadu BJP chiefTamilnadu BJPK AnnamalaiBJP
News Summary - From 'Singam' Cop to Firebrand Leader: Inside Annamalai’s Stormy Political Journey
Next Story