ഡൽഹിയിൽ എ.സി പൊട്ടിത്തെറിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മരിച്ചു
text_fieldsന്യൂഡൽഹി: എ.സി പൊട്ടിത്തെറിച്ചുണ്ടായ തീപിടത്തത്തിൽ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത‍്യയുടെ(സി.സി.ഐ) പ്രഥമ ചെയർമാനുമായ ധനേന്ദ്ര കുമാർ(80) കുമാർ മരിച്ചു. ഡൽഹിയിലെ ഹൗസ് ഖാസിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ മകൻ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അപകടസമയത്ത് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ വീട്ടിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തുടർന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനെയും മകനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ ധനേന്ദ്ര കുമാർ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണറിന്റെ ഇൻഡോർ യൂണിറ്റ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

