ഏകാന്ത വാസം, ദീർഘകാല അസുഖം; മുൻ ഡൽഹി ചീഫ് സെക്രട്ടറി വാടകവീട്ടിൽ മരിച്ചനിലയിൽ
text_fieldsനോയിഡ: മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദീർഘകാലമായി തുടരുന്ന അസുഖമാണ് ജീവനൊടുക്കാനുള്ള കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി.
രാകേഷ് മേത്തയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ഡെറാഡൂണിൽ താമസിക്കുന്ന ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം കേന്ദ്രീയ വിഹാർ-2 സൊസൈറ്റിയിലെ വസതിയിലെത്തുകയും അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേത്ത വാടകവസതിയിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. റിട്ടേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഭാര്യ ഡെറാഡൂണിലാണ് താമസിക്കുന്നത്. മക്കളും ഡെറാഡൂണിൽ ഭാര്യക്കൊപ്പമാണ്.
രാകേഷ് മേത്തക്ക് രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നുവെന്നും ഒറ്റക്ക് താമസിക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യമെന്നും പൊലീസ് പറഞ്ഞു.
ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2007ലാണ് രാകേഷ് മേത്ത ഡൽഹി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 2010 നവംബറിൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു.
മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

