വെന്തുമരിച്ചവരിലധികവും വൈദ്യചികിത്സക്കെത്തിയ വിദേശികൾ; അനുവാദം ആറു റൂമുകളൾക്ക്, 25 മുറിയിൽ ആളുകളെ താമസിപ്പിച്ചു
text_fieldsന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗറിൽ റസ്റ്ററന്റിലുണ്ടായ തീപ്പിടിത്തത്തിൽ വെന്തുമരിച്ചവരിൽ അധികവും വൈദ്യചികിത്സക്കെത്തിയ വിദേശികളെന്ന് റിപ്പോർട്ട്.ഡൽഹിയിലെ ഹൗസ് റാണിയിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിൽ ഇന്ന് രാവിലെയുണ്ടായ തീപ്പിടിത്തത്തിൽ 21 പേരാണ് ദാരുണമായി മരിച്ചത്. ഡൽഹിയിൽ ചികിത്സയ്ക്കായി എത്തിയ വിദേശികൾ ഉൾപ്പെടെ 40-ൽ അധികം താമസക്കാരാണ് ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയുടെ അടുത്തായതിനാലാണ് പല വിദേശികളും താമസത്തിനായി ഈ ഹോട്ടൽ തിരഞ്ഞെടുത്തത്.
എന്നാൽ അനധികൃതമായാണ് ഇവിടെ ആളുകളെ താമസിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ആറ് മുറികളിൽ മാത്രം ആളുകളെ താമസിപ്പിക്കാൻ അനുമതിയുള്ള ഹോട്ടലിൽ 25 മുറികൾ താമസത്തിനായി വാടകക്ക് കൊടുത്തിരുന്നു. അഞ്ചു നില കെട്ടിടത്തിന്റെ തറ നിലയിൽ വരെ മുറികൾ ഒരുക്കിയിരുന്നു.
രാവിലെ 8.50നാണ് ആരംഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തീ കെട്ടിടത്തെ വിഴുങ്ങുകയായിരുന്നു. പ്രദേശം കറുത്ത പുകമൂടി. രോഗികളും അവരുടെ കൂടെയുള്ളവരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. ഇത് ദുരന്തത്തിന്‍റെ വ്യാപ്തി വർധിക്കാനിടയാക്കി. 37 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായാണ് വിവരം.
റസ്റ്ററന്റിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇലക്ട്രിക് സ്റ്റൗ ഓണാക്കിയപ്പോഴാണ് തീ ആളിപ്പടരുന്നത് മനസ്സിലായതെന്ന് ഹോട്ടലിലെ പാചകക്കാരനായ കേസർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ അത് കത്തിക്കാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് തീ പടർന്നു. ഹോട്ടലിൽ തീ ഇതിനകം തന്നെ കത്തുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി. ഹോട്ടൽ കത്തുന്നതായി ഞാൻ ഉടൻ തന്നെ എന്റെ സഹായിയോട് പറഞ്ഞു. ഞാൻ പുറത്തിറങ്ങിയപ്പോൾ ഹോട്ടൽ കത്തുന്നതായി ഞാൻ കണ്ടു. എങ്ങനെയോ ഞാൻ അവിടെ നിന്ന് രക്ഷപ്പെട്ടു," അദ്ദേഹം പറഞ്ഞു.
തീപ്പടരുന്നതിനിടെ രക്ഷപ്പെടാനായി സ്ത്രീകൾ അടക്കമുള്ളവർ മുകളിൽ നിന്ന് ചാടി. ഗ്ലാസുകൾ തകർത്ത് താഴേക്ക് ചാടിയവരിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിന് ഒരു പ്രവേശന കവാടം മാത്രമുണ്ടായിരുന്നത് രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കി. ഇടുങ്ങിയ ഇടവഴികളിലൂടെ അഗ്നിശമന സേനാംഗങ്ങൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചു.
നാട്ടുകാർ നടത്തിയ സമയോചിതമായ ഇടപ്പെടൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി. കത്തിയെരിയുന്ന കെട്ടിടത്തിൽ നിന്ന് ആളുകൾ താഴേക്ക് ചാടുന്നത് കണ്ടപ്പോൾ വീടുകളിൽ നിന്ന് മെത്തകൾ എത്തിച്ച് റോഡിൽ വിരിച്ചുകൊടുത്തു നാട്ടുകാർ.
ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

