ഭക്ഷ്യ ഉൽപന്ന സംഭരണത്തിൽ ഗുരുതര വീഴ്ച; ബംഗളൂരുവിൽ സെപ്റ്റോക്ക് പിന്നാലെ സൊമാറ്റോക്കും നോട്ടീസ്
text_fieldsബംഗളൂരുവിലെ സൊമാറ്റോ വെയർഹൗസിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിക്കുന്നു
ബംഗളൂരു: നഗരത്തിലെ സൊമാറ്റോ വെയർഹൗസിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തി. ബാനർഘട്ട റോഡിലെ സൊമാറ്റോ കേന്ദ്രത്തിൽ ലേബലിങ്ങിലെ അപാകതകൾ, ലൈസൻസ് ചട്ടങ്ങളുടെ ലംഘനം, അശാസ്ത്രീയ സംഭരണ രീതികൾ എന്നിവയാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകി.
കർണാടകയിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നേരത്തേ, ബംഗളൂരു റൂറലിലെ ഹോസ്കോട്ടിൽ സെപ്റ്റോ വെയർഹൗസ് സീൽ ചെയ്തിരുന്നു. വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷണ കൈകാര്യവും സൂക്ഷിക്കലും കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നടപടി.
സൊമാറ്റോയുടെ കീഴിലുള്ള ഹൈപ്പർപ്യൂർ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ചില ഭക്ഷ്യ ഉൽപന്നങ്ങളുടെ ലേബലിങ്ങിലും സംഭരണത്തിലും ഗുരുതര വീഴ്ചകളുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഉൽപാദകരുടെ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പർ രേഖപ്പെടുത്താത്ത സൂക്ഷിച്ച ഏകദേശം 146 കിലോ കോഴിയിറച്ചി ഇവിടെ നിന്ന് കണ്ടെടുത്തു. അതുപോലെ ലൈസൻസ് കാലാവധി ഇല്ലാത്തതോ നിലവിലില്ലാത്തതോ ആയ ഉൽപാദകനിൽ നിന്നുള്ള 40 കിലോ വെളുത്തുള്ളിയും കണ്ടെത്തി. ഈ നിയമലംഘനങ്ങൾക്കാണ് വെയർഹൗസ് അധികൃതർക്ക് നോട്ടീസ് നൽകിയത്.
സകലവാരയിലെ വെയർഹൗസ് പരിസരം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടായിരുന്നെങ്കിലും, ഇവിടെ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പാക്ക് ചെയ്ത 300 കിലോ അരി, 20 കിലോ ഉണക്ക മുന്തിരി ഉൾപ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്സ്, 15 കിലോ മസാലപ്പൊടി എന്നിവയുടെ ലേബലിങ്ങിലും ഗുരുതര പിഴവുകൾ ഉണ്ടായിരുന്നു. തണുപ്പിച്ചു സൂക്ഷിക്കേണ്ടിയിരുന്ന 10 കിലോ ഇറക്കുമതി ചെയ്ത മുള്ളങ്കി അച്ചാർ സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചതായും കണ്ടെത്തി. തുടർന്ന് കൂടുതൽ ലാബ് പരിശോധനകൾക്കായി ആകെ 40 സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് (2006) പ്രകാരമായിരുന്നു പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയ യൂനിറ്റിന് നോട്ടീസ് നൽകിയതായും വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

