ആന്ധ്രയിൽ വീണ്ടും പ്രളയഭീതി; 17 ആദിവാസി ഊരുകൾ വെള്ളത്തിനടിയിൽ
text_fieldsചിന്തൂർ: ഗോദാവരി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ആന്ധ്രാപ്രദേശിലെ ഡെൽറ്റാ മേഖലകളിൽ വീണ്ടും പ്രളയഭീതി. ധവളേശ്വരത്തെ സർ ആർതർ കോട്ടൺ ബാരേജിലേക്ക് വൻതോതിൽ വെള്ളമെത്തിയതോടെ ഏതു നിമിഷവും ആദ്യഘട്ട പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചേക്കും. സംസ്ഥാനത്തെ പോളവാരം ജില്ലയിൽ 17 ആദിവാസി ഊരുകൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. വനാന്തരങ്ങളിലെയും തീരപ്രദേശങ്ങളിലെയും 171 ഗ്രാമങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച (സെപ്റ്റംബർ 28) രാവിലെ ഏഴു മണിയോടെ ബാരേജിലേക്ക് എത്തുന്ന വെള്ളത്തിന്‍റെ അളവ് 9.66 ലക്ഷം ക്യൂസെക്സായി ഉയർന്നു. 10 ലക്ഷം ക്യൂസെക്സ് തൊടുന്നതോടെയാണ് ഒന്നാം നമ്പർ പ്രളയ മുന്നറിയിപ്പ് നൽകുന്നത്. താഴത്തെ പ്രദേശങ്ങളിലേക്ക് പെട്ടെന്ന് വെള്ളം ഇരച്ചുകയറുന്നത് തടയാനായി പോളവാരം പദ്ധതി പ്രദേശത്ത് ഡാമിന്റെ റേഡിയൽ ഗേറ്റുകൾ പ്രവർത്തിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചു വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ച (സെപ്റ്റംബർ 24) രാവിലെ ബാരേജിൽ വെറും 83,000 ക്യൂസെക്സ് മാത്രമായിരുന്നു നീരൊഴുക്കെന്ന് ആന്ധ്രാപ്രദേശ് ജലവിഭവ മാനേജ്‌മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് പത്തിരട്ടിയിലധികമായി ഉയരുകയായിരുന്നു. ശബരിനദി കവിഞ്ഞൊഴുകിയതിനെ തുടർന്ന് ആന്ധ്രാ-ഛത്തീസ്ഗഢ് അതിർത്തിയിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയതായും ദുരന്തനിവാരണ സേന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നതായും ജില്ല ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

