അസമിൽ പ്രളയനാശനഷ്ട സർവേ; അർഹരായ കുടുംബങ്ങൾക്ക് 3.5 ലക്ഷം രൂപ വരെ ധനസഹായം
text_fieldsഗുവാഹത്തി: പ്രളയത്തിൽ വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നതിനും നഷ്ടപരിഹാരവും പുനരധിവാസ സഹായവും നിശ്ചയിക്കുന്നതിനുമായി അസമിൽ സംസ്ഥാനവ്യാപകമായി പ്രളയബാധിത കുടുംബങ്ങളുടെ സർവേ ആരംഭിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി അനുസരിച്ച് അർഹരായ കുടുംബങ്ങൾക്ക് 1.78 ലക്ഷം രൂപ മുതൽ 3.5 ലക്ഷം രൂപയിലധികം വരെ ധനസഹായം ലഭിച്ചേക്കുമെന്ന് സർക്കാർ അറിയിച്ചു.
സർക്കാരിന്റെ നഷ്ടപരിഹാര ചട്ടപ്രകാരം, പ്രളയത്തിൽ പൂർണമായും തകർന്ന വീടുകൾക്ക് 1.2 ലക്ഷം രൂപ സഹായമായി നൽകും. ‘ഗുരുതരമായി തകർന്ന വീടുകൾ’ എന്ന വിഭാഗത്തിലും 1.2 ലക്ഷം രൂപ ലഭിക്കും. വീടിന് പുറമെ അത്യാവശ്യ സാധനങ്ങൾക്കും പ്രധാനപ്പെട്ട രേഖകൾക്കും വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ വിഭാഗത്തിൽ പരിഗണിക്കും.
വീടിന്റെ നാശനഷ്ടത്തിന് പുറമെ കൃഷി, കന്നുകാലി തുടങ്ങിയ മേഖലകളിലുണ്ടായ നഷ്ടങ്ങൾക്കും അധിക നഷ്ടപരിഹാരം ലഭിക്കും. പ്രളയത്തിൽ കന്നുകാലികളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നിശ്ചിത തുക നഷ്ടപരിഹാരമായി നൽകും. ഒരു കന്നുകാലിക്ക് 37,500 രൂപ, കൈത്തറി ഉപകരണങ്ങൾക്ക് നാശനഷ്ടത്തിന് 5,000 രൂപ, ആട്, ചെമ്മരിയാട്, പന്നി എന്നിവക്ക് ഒാരോന്നിനും 4,000 രൂപ, താറാവ്, കോഴി എന്നിവക്ക് പരമാവധി 100 എണ്ണത്തിന് വരെ നഷ്ടപരിഹാരം ലഭിക്കും.
ഇതിനു പുറമെ കൃഷിയുമായി ബന്ധപ്പെട്ട നഷ്ടങ്ങൾക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സഹായം ലഭിക്കും. പ്രളയബാധിത പ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും യഥാർഥത്തിൽ സംഭവിച്ച നഷ്ടം രേഖപ്പെടുത്തുന്നതിനായി വീടുതോറുമുള്ള സർവേയാണ് നടത്തുന്നത്. അസം മന്ത്രിമാർ ശിവസാഗർ ജില്ലയിലെ അമ്ഗുരിയിലെ പ്രളയബാധിത ഗ്രാമങ്ങൾ സന്ദർശിക്കുകയും വീടുതോറും നടക്കുന്ന സർവേ നേരിട്ട് പരിശോധിക്കുകയും ദുരിതബാധിതരുമായി സംസാരിക്കുകയും ചെയ്തു.
നഷ്ടപരിഹാര നടപടികൾ വൈകാതെ പൂർത്തിയാക്കുന്നതിനായി വീടുകൾക്കും കൃഷിക്കും കന്നുകാലികൾക്കും മറ്റ് ഉപജീവന മാർഗങ്ങൾക്കും സംഭവിച്ച മുഴുവൻ നഷ്ടങ്ങളും ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് നിർദേശം. സർവേ പൂർത്തിയാക്കിയ ശേഷം അർഹതയും നാശനഷ്ടത്തിന്റെ തോതും പരിശോധിച്ച് സർക്കാർ പുനരധിവാസ സഹായം അനുവദിക്കും.സംസ്ഥാനവ്യാപകമായി ആരംഭിച്ച നാശനഷ്ട സർവേ ഓഗസ്റ്റ് 30 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

