Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർദിഷ്ട ഇന്ത്യ-യു.എസ്...

നിർദിഷ്ട ഇന്ത്യ-യു.എസ് വ്യാപാര കരാർ കർഷകരുടെ താൽപര്യങ്ങൾക്ക് എതിര്: ഇന്ന് ഡൽഹിയിൽ മഹാപഞ്ചായത്ത്; പഞ്ചാബിൽനിന്നുള്ള കർഷകസംഘങ്ങൾ തലസ്ഥാനത്തേക്ക് തിരിച്ചു

text_fields
bookmark_border
നിർദിഷ്ട ഇന്ത്യ-യു.എസ് വ്യാപാര കരാർ കർഷകരുടെ താൽപര്യങ്ങൾക്ക് എതിര്: ഇന്ന് ഡൽഹിയിൽ മഹാപഞ്ചായത്ത്; പഞ്ചാബിൽനിന്നുള്ള കർഷകസംഘങ്ങൾ തലസ്ഥാനത്തേക്ക് തിരിച്ചു
cancel
camera_alt

ഫയൽ ഫോട്ടോ

ബിയാസ് (പഞ്ചാബ്): കേന്ദ്ര സർക്കാർ ഒപ്പുവെക്കാനൊരുങ്ങുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷകർ. ചൊവ്വാഴ്ച ഡൽഹിയിലെ കിസാൻ ഘട്ടിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നതിനായി പഞ്ചാബിൽനിന്നുള്ള വൻ കർഷകസംഘം ഞായറാഴ്ച തലസ്ഥാനത്തേക്ക് തിരിച്ചു.

‘ദേശ് ബച്ചാവോ മോർച്ച’യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ രാജ്യത്തുടനീളമുള്ള 550ഓളം കർഷക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുമ്പ് ബിയാസിൽ മാധ്യമങ്ങളോട് സംസാരിച്ച കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (പഞ്ചാബ്) നേതാവ് ജർമൻജിത് സിങ് ബണ്ഡാല, പുതിയ വ്യാപാര കരാർ ഇന്ത്യൻ കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കനത്ത തിരിച്ചടിയാകുമെന്ന് ആരോപിച്ചു. ഇന്ത്യയിലെ ചെറുതും നാമമാത്രവുമായ കർഷകരുടെ താൽപര്യങ്ങൾ പൂർണമായി അവഗണിച്ച്, അമേരിക്കൻ കമ്പനികൾക്കും കർഷകർക്കും ലാഭമുണ്ടാക്കിക്കൊടുക്കാൻ ലക്ഷ്യമിട്ടാണ് ഈ കരാർ രൂപകൽപന ചെയ്തിരിക്കുന്നത്.

അമേരിക്കൻ കൃഷിമേഖല ആയിരക്കണക്കിന് ഏക്കറുകളിലായി പരന്നുകിടക്കുന്ന വൻകിട ഫാമുകളും വലിയ തോതിലുള്ള സർക്കാർ സബ്സിഡികളും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ഭൂരിഭാഗം കർഷകർക്കും രണ്ടോ രണ്ടരയോ ഏക്കർ ഭൂമി മാത്രമാണുള്ളതെന്നും അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം വളരെ തുച്ഛമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറിന്റെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള വിലകുറഞ്ഞ കാർഷിക ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണെങ്കിൽ, ചെറിയ കർഷകർക്ക് അതിനോട് മത്സരിക്കാനാകില്ല. ഇത് കർഷകരുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും.

മുൻ സർക്കാരുകൾ വിദേശ സ്വാധീനങ്ങളിൽനിന്ന് കാർഷിക മേഖലയെ സംരക്ഷിച്ചിരുന്നുവെന്നും എന്നാൽ നിലവിലെ കേന്ദ്ര സർക്കാർ യു.എസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാപാര കരാറുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരാറിന്റെ പ്രത്യാഘാതം കൃഷിയിൽ മാത്രം ഒതുങ്ങില്ലെന്നും മറ്റ് മേഖലകളിലെ ചെറുകിട ബിസിനസുകളെയും തൊഴിലവസരങ്ങളെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും ജൂലൈ 21ലെ മഹാപഞ്ചായത്തിൽ പങ്കെടുക്കും. പ്രതിഷേധക്കാരെ ഡൽഹിയിലേക്ക് കടക്കുന്നതിൽ നിന്ന് അധികൃതർ തടയുകയാണെങ്കിൽ, തടയുന്ന സ്ഥലങ്ങളിൽ തന്നെ സമാധാനപരമായി തടിച്ചുകൂടി ജനങ്ങളിൽ ബോധവൽക്കരണം തുടരുമെന്നും ബണ്ഡാല വ്യക്തമാക്കി.

ഈ സമരം തുടക്കം മാത്രമാണെന്നും ഇന്ത്യ-യു.എസ് വ്യാപാര കരാർ പൂർണമായി റദ്ദാക്കാനും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ കർഷക സംഘടനകൾ പോരാട്ടം തുടരുമെന്നും ബണ്ഡാല വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestDelhimahapanchayatIndia-US trade deal
News Summary - Farmers protest India-US trade deal; Mahapanchayat in Delhi today
Next Story