‘എന്റെ മുന്നിലാണ് അമ്മ ജീവനറ്റുകിടന്നത്..ആളുകൾ ഒരു കൂന പോലെ കുമിഞ്ഞുകൂടി, പിഞ്ചുകുഞ്ഞുങ്ങളടക്കം പെട്ടുപോയിരുന്നു’; കൊൽക്കത്തയിലെ ദുരന്തത്തിന്റെ നടുക്കം മാറാതെ ദൃക്സാക്ഷികൾ
text_fieldsകൊല്ക്കത്ത: കൊടുങ്കാറ്റും കനത്ത മഴയും വിറപ്പിച്ച കൊല്ക്കത്ത ദുര്ഗ്ഗ പൂജയ്ക്കിടെയുണ്ടായ ദുരന്തത്തിന്റെ നടുക്കം മാറാതെ ദൃക്സാക്ഷികൾ. എല്ലാവർക്കും അവധിയായതിനാൽ വൻ ജനാവലിയായിരുന്നു എത്തിയിരുന്നത്. കനത്ത മഴയായതിനാൽ തിക്കും തിരക്കും അതിന്റെ തീവ്രതയിലും.
പൊടുന്നനെയുണ്ടായ കനത്ത മഴയിൽ ചോര്ബഗാന് സര്വജനീന് ദുര്ഗ്ഗാ പൂജാ പന്തലിലേക്ക് ഇരച്ചെത്തിയതോടെ അനുഭവപ്പെട്ട ആ ഇടുക്കത്തിലും ഞെരുക്കത്തിലുംപെട്ട് 19 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആ സങ്കടകരമായ നിമിഷത്തിന്റെ ഭീതിയിൽനിന്ന് ഇപ്പോഴും മുക്തമായിട്ടില്ല മരണപ്പെട്ടവരുടെ ബന്ധുക്കൾ.
"എന്റെ കണ്മുന്നിലാണ് അമ്മ ശ്വാസം കിട്ടാതെ മരിച്ചത്; എനിക്കും ജീവൻ തിരിച്ചുകിട്ടില്ലെന്നാണു കരുതിയത്"- ദുരന്തത്തിന്റെ നടുക്കം മാറാതെ ഇരുപത്തഞ്ചുകാരനായ സോനു പാല് പറയുന്നു. അമ്മയോടൊപ്പം പൂജ കാണാന് എത്തിയതായിരുന്നു കുമോര്തുലി സ്വദേശിയായ സോനു. പെട്ടെന്നാണ് ആകാശത്ത് കറുത്തമേഘങ്ങള് മൂടി കനത്ത മഴ പെയ്തത്.
"പുറത്ത് കനത്ത മഴയായിരുന്നു, ആര്ക്കും പന്തലിന് പുറത്തേക്ക് ഇറങ്ങാന് കഴിഞ്ഞില്ല. മഴയില് നിന്ന് രക്ഷപ്പെടാന് പ്രവേശന കവാടത്തില് നില്ക്കുകയായിരുന്ന ആളുകള് അകത്തേക്ക് തടിച്ചുകൂടി. നിമിഷങ്ങള്ക്കകം സമ്മർദം താങ്ങാനാവാതെ ആളുകള് പരസ്പരം മണലിലെ കോട്ടകള് പോലെ കുഞ്ഞുകുട്ടികളടക്കം പരസ്പരം മുകളിലേക്ക് വീഴുകയായിരുന്നു. താനും ആ കൂട്ടത്തില് പെട്ടുപോയി, എങ്ങനെയോ എഴുന്നേറ്റു നോക്കുമ്പോഴേക്കും അമ്മ തനിക്കൊപ്പമുണ്ടായിരുന്നില്ല"- സോനു വിതുമ്പിക്കൊണ്ട് പറഞ്ഞു.
ഇടുങ്ങിയ വഴിയില് ആളുകള് തിങ്ങിനിറഞ്ഞതും വെളിച്ചമില്ലാത്തതും ദുരന്തത്തിന്റെ ആഘാതം ഇരട്ടയാക്കിയിരുന്നു. പന്തലിന്റെ പ്രവേശന കവാടവും പുറത്തുകടക്കുന്ന വഴിയും വളരെ ഇടുങ്ങിയതായിരുന്നുവെന്ന് ദൃക്സാക്ഷികള് പറയുന്നു. ഇതിനിടയില് പന്തലിന്റെ ഒരു ഭാഗം തകര്ന്നുവീണതും പരിഭ്രാന്തി പരത്തി. മഴ കാരണം ഒന്നര മണിക്കൂറിലധികം നീണ്ട ക്യൂവിലായിരുന്നു ആളുകള്. വെളിച്ചമില്ലാത്തതിനാല് രണ്ട് പിഞ്ചുകുട്ടികള് വീണുപോയതും, പിന്നാലെയെത്തിയ ഭീമാകാരമായ ജനക്കൂട്ടം അവര്ക്ക് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ പ്രാദേശിക വാസി വിവരിച്ചു. ഈ ഘട്ടത്തില് പോലീസോ വോളന്റിയര്മാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര് പറയുന്നു.
സംഭവസ്ഥലത്ത് വന് പോലീസ് സന്നാഹം എത്തിയാണ് രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റവരെ ഉടന് തന്നെ കൊല്ക്കത്ത മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ബോധരഹിതരായ നിരവധി പേരെ ബൈക്കുകളിലാണ് ആശുപത്രികളിലേക്ക് പാഞ്ഞെത്തിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മരിച്ചവരുടെ കുടുംബങ്ങള്ക്ക് ഇരുപത്തഞ്ച് ലക്ഷം രൂപയും ഗ്രൂപ്പ് 'ഡി' സര്ക്കാര് ജോലിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൂജാ സംഘാടകര് ഉള്പ്പെടെ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

