ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി കേന്ദ്ര സർക്കാർ നീട്ടിയത് നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. കെ.വി. വിശ്വനാഥൻ ബോധിപ്പിച്ചു. ഇ.ഡി ഡയറക്ടറുടെ കാലാവധി അഞ്ചു വർഷത്തേക്ക് നീട്ടാനായി 2003ലെ കേന്ദ്ര വിജിലൻസ് കമീഷൻ നിയമത്തിൽ കേന്ദ്ര സർക്കാർ 2021ൽ കൊണ്ടുവന്ന നിയമഭേദഗതിയും നിയമവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിനിടയിൽ മോദി സർക്കാർ ഇ.ഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടിയതിനെതിരെ സമർപ്പിച്ച ഹരജികൾ 2022 സെപ്റ്റംബറിൽ പരിഗണിച്ച മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത് ആണ് വിശ്വനാഥനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.
വിനീത് നാരായൺ, പ്രകാശ് സിങ്, കോമൺ കോസ് കേസുകളിലെ സുപ്രീംകോടതി വിധികൾ പ്രകാരം കാലാവധി നീട്ടിയതും അതിനായി ഭേദഗതി കൊണ്ടുവന്നതും നിയമവിരുദ്ധമാണെന്ന് അമിക്കസ് ചൂണ്ടിക്കാട്ടി. മിശ്രക്ക് ഇനിയും കാലാവധി നീട്ടിനൽകരുതെന്ന് 2021ലെ കോമൺകോസ് കേസിൽ സുപ്രീംകോടതിതന്നെ വിധിച്ചതാണ്.
അസാധാരണ സാഹചര്യം മാത്രമേ ഈ വിധിക്ക് അപവാദമാകാവൂ എന്ന് ആ വിധിയിൽ പ്രത്യേകം കോടതി പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ സ്വാധീനത്തിൽനിന്ന് ഇ.ഡിയെ സംരക്ഷിച്ചുനിർത്തണമെന്ന കാഴ്ചപ്പാടോടെ സുപ്രീംകോടതി വിഷയത്തെ സമീപിക്കണം.
കാലാവധി നീട്ടുന്നത് ‘പൊതുതാൽപര്യം’ മുൻ നിർത്തി എന്നുപറയുന്നത് വ്യർഥമാണെന്ന് മദ്രാസ് ഹൈകോടതി വിധിയിൽ പറഞ്ഞിട്ടുള്ളതും വിശ്വനാഥൻ ഓർമിപ്പിച്ചു.
അമിക്കസിന് അദ്ദേഹത്തിന്റെ വാദമുഖങ്ങൾ നിരത്താൻ സമയം അനുവദിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും ഗോപാൽ ശങ്കരനാരായണനും ആവശ്യപ്പെട്ടപ്പോൾ ഹരജിക്കാർക്ക് ഈ കേസ് നൽകാനുള്ള അധികാരമില്ലെന്നും അത് തീരുമാനിച്ചിട്ട് അമിക്കസ് ക്യുറിക്ക് അവസരം നൽകിയാൽ മതിയെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാറിനുവേണ്ടി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

