അസമിൽ മത്സരചിത്രം തെളിഞ്ഞു; മുന്നണി വിപുലീകരിച്ച് കോൺഗ്രസ്
text_fieldsഗുവാഹതി: ഏപ്രിൽ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ മത്സര ചിത്രം തെളിഞ്ഞപ്പോൾ കോൺഗ്രസ് സഖ്യത്തിൽ നവരാഷ്ട്രീയ സംഘടനകളും. ഗൗരവ് ഗൊഗോയി നേതൃത്വം നൽകുന്ന കോൺഗ്രസ്, പ്രതിപക്ഷ മുന്നണി വിപുലീകരിച്ചാണ് പോരാട്ടത്തിനിറങ്ങുന്നത്. അഖിൽ ഗൊഗോയിയുടെ റെയ്‌ജോർ ദൾ ഇക്കുറി കോൺഗ്രസ് സഖ്യത്തിലാണ്. റെയ്‌ജോർ ദളിന് പുറമെ അസം ജാതീയ പരിഷത്, സി.പി.എം, ഓൾ പാർട്ടി ഹിൽ ലീഡേർസ് കോൺഫറൻസ് എന്നിവയും സഖ്യത്തിലുണ്ട്.
സീറ്റ് വിഭജന ധാരണ അനുസരിച്ച് 126ൽ 101 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ റെയ്‌ജോൾ ദൾ 11ലും സി.പി.എം രണ്ടു സീറ്റിലും മത്സരിക്കും. ഗോരിപ്പൂർ, ഗോൾപാറ ഈസ്റ്റ് മണ്ഡലങ്ങളിൽ കോൺഗ്രസും റെയ്‍ജോർ ദളും സൗഹൃദ മത്സരത്തിനും ധാരണയായി.
അതേസമയം പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമാകാനുള്ള ശ്രമം നടത്തി പരാജയപ്പെട്ട അത്തർ രാജാവ് ബദ്റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് 21 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ബദ്റുദ്ദീൻ അജ്‍മൽ ബിന്നാഖണ്ടി മണ്ഡലത്തിൽ മത്സരിക്കും. മൂന്നുതവണ എം.പി ആയിരുന്ന അദ്ദേഹത്തിനും പാർട്ടിക്കും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായില്ല.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ ബി.ജെ.പി 89 സീറ്റുകളിൽ മത്സരിക്കുമ്പോൾ അസം ഗണപരിഷത്ത് 26 ഉം, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 ഉം സീറ്റുകളിൽ മത്സരിക്കും. പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ ചൂണ്ടിക്കാട്ടി സഖ്യം വിട്ട യു.പി.പി.എൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു.
ഭരണ സഖ്യത്തിൽ അംഗമായിരുന്ന പാർട്ടി അധ്യക്ഷൻ പ്രമോദ് ബോറോ ബി.ജെ.പിയുടെ പിന്തുണയോടെ കഴിഞ്ഞയാഴ്ചയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എ.ഐ.യു.ഡി.എഫിലെ മൂന്ന് എം.എൽ.എമാരുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

