നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിക്കാൻ സാധ്യത
text_fieldsന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരുക്കും പ്രഖ്യാപനം.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികളായിരിക്കും പ്രഖ്യാപിക്കുക. വയനാട് ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിക്കുമോ അതോ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നതും വാർത്താ സമ്മേളനത്തിന് ശേഷം മാത്രമേ അറിയാനാകൂ
ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കും. മഹാരാഷ്ട്രയിൽ നവംബർ 26-നും. ഹരിയാനയിൽ 90 സീറ്റുകളിലേക്കും മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ തീയതിയും പ്രഖ്യാപിച്ചേക്കും.

