തെരഞ്ഞെടുപ്പ്: കോൺഗ്രസിന് പുതിയ വാർ റൂം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തന്ത്രങ്ങൾ രൂപപ്പെടുത്താൻ പുതിയ ‘യുദ്ധമുറി’ തിരഞ്ഞെടുത്ത് കോൺഗ്രസ്. ലോധി ഗാർഡൻ റോഡിലെ സി-1/10 ബംഗ്ലാവാണ് ഇനി കോൺഗ്രസിന്റെ യുദ്ധമുറി. ഈയിടെ ലോക്സഭാംഗത്വം രാജിവെച്ച് തെലങ്കാന മന്ത്രിയായ ഉത്തംകുമാർ റെഡിക്ക് അനുവദിച്ച ബംഗ്ലാവാണ് പുതിയ വാർ റൂം. റെഡി എം.പിയല്ലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പു വരെ അവിടം നിലനിർത്താമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അതിനിടയിൽ മറ്റൊരാൾക്ക് സർക്കാർ ഈ ബംഗ്ലാവ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പില്ല.
15 വർഷത്തോളം ഗുരുദ്വാര രകബ് ഗഞ്ച് റോഡിൽ എം.പിമാർക്ക് അനുവദിച്ച 15ാം നമ്പർ ബംഗ്ലാവായിരുന്നു യുദ്ധമുറിയായി ഉപയോഗിച്ചിരുന്നത്. ആദ്യം നടി രേഖ, പിന്നീട് രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യ എന്നിവർക്കായി അനുവദിച്ച ബംഗ്ലാവ് ഇരുവരും വാർ റൂമിനായി വിട്ടുകൊടുത്തു. ഭട്ടാചാര്യയുടെ രാജ്യസഭ കാലാവധി അവസാനിച്ചപ്പോൾ യുദ്ധമുറി അവിടെത്തന്നെ നിലനിർത്താൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഹരിയാനയിൽനിന്നുള്ള സ്വതന്ത്ര എം.പി കാർത്തികേയ ശർമക്കാണ് ബംഗ്ലാവ് തുടർന്ന് സർക്കാർ അനുവദിച്ചുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

