തെരഞ്ഞെടുപ്പ് കമീഷനിലെ വെളിപ്പെടുത്തൽ: ഗ്യാനേഷ് കുമാർ രാജി വെക്കണം; കൃത്രിമം കാണുമ്പോൾ ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് എം.എ. ബേബി
text_fieldsന്യൂഡൽഹി: എസ്.ഐ.ആർ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ 14 വിവാദ തീരുമാനങ്ങളിൽ രണ്ട് കമ്മീഷൻ അംഗങ്ങൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ചർച്ച ചെയ്ത് തുടർനീക്കങ്ങൾ ചർച്ച ചെയ്യണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ചർച്ച ‘ഇൻഡ്യ’ സഖ്യത്തിൽ മാത്രം ഒതുങ്ങാതെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചിരുന്ന് യോജിച്ച് തീരുമാനമെടുക്കണം. നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രധാനമായും കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയതെന്നായിരുന്നു റിപ്പോർട്ട്.
ഇൻഡ്യ സഖ്യത്തിന് പുറത്തുള്ളവർ ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചിരുന്ന് ഭാവി നടപടികൾ ആലോചിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് എം.എ ബേബി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന് ജനാധിപത്യ മൂല്യങ്ങളിൽ എന്തെങ്കിലും താല്പര്യമുണ്ടെങ്കിൽ ചീഫ് ഇലക്ഷൻ കമ്മീഷണറോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടണം. എന്നാൽ കേന്ദ്ര സർക്കാർ അതിന് തയ്യാറാകുമെന്ന് കരുതുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ചട്ടലംഘനങ്ങളും അനാവശ്യ പെരുമാറ്റങ്ങളും നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതിന്റെ നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അടുത്ത നടപടി തീരുമാനിക്കുക. പാർലമെന്റിൽ ഇംപീച്ച്മെന്റ് ഉൾപ്പെടെയുള്ള നീക്കങ്ങൾ വേണമോ എന്ന കാര്യം പാർട്ടിയുടെ രാജ്യസഭാ അംഗങ്ങളുമായും മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായും ആലോചിച്ച് തീരുമാനിക്കും.
സഹകരിക്കാൻ പറ്റാത്തത്ര വലിയ കൃത്രിമങ്ങളും തെറ്റുകളും സംഭവിച്ചാൽ, ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥർ അവരുടെ അഭിപ്രായം വെളിപ്പെടുത്തും. വിയോജിപ്പ് രേഖപ്പെടുത്തിയ രണ്ട് കമ്മീഷൻ അംഗങ്ങളെയും ബിജെപി സർക്കാർ തന്നെ നിയമിച്ചതാണെങ്കിൽ പോലും അവർ എതിർപ്പ് പറഞ്ഞതിലൂടെ ഇതാണ് വ്യക്തമാകുന്നത്.
രാജ്യത്തെ കോടതികൾ സംഘപരിവാറിന്റെയും എക്സിക്യൂട്ടീവിന്റെയും താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. പല പ്രധാന വിഷയങ്ങളിലും കോടതികൾ സ്വീകരിക്കുന്ന സമീപനം നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. എക്സിക്യൂട്ടീവിന്റെ തെറ്റായ തീരുമാനങ്ങളെ വിരൽചൂണ്ടുന്ന കോടതികളും പ്രശംസനീയരായ ജഡ്ജിമാരും ഇപ്പോഴുമുണ്ട്. മാധ്യമപ്രവർത്തകർക്കും തൊഴിലാളി സമര നേതാക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അമിതാധികാരം പ്രയോഗിച്ച നോയിഡ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിനെ അലഹബാദ് ഹൈകോടതി ശക്തമായി വിമർശിച്ചത് ഇതിന് ഉദാഹരണമാണെന്നും എം.എ. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

