Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം’; ആഭ്യന്തര ഭിന്ന​തയെന്ന റിപ്പോർട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

text_fields
bookmark_border
Election Commission
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ആഭ്യന്തര ഭിന്നതയെന്ന റിപ്പോർട്ട് തള്ളി തെരഞ്ഞെടുപ്പ് കമീഷൻ. കമ്മീഷനിലെ ആഭ്യന്തര കുറിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും സാധാരണ തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണെന്നും ചില പ്രത്യേക കുറിപ്പുകൾ മാത്രം ഉയർത്തിക്കാട്ടുന്നത് വിഷയത്തിന്റെ ഒരു വശം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിശദീകരണം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവരുമാണ് ഇ.സി.ഐയിലുള്ളത്. ഇതിൽ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇരുവരും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ കടുത്ത ആഭ്യന്തര ഭിന്നത നിലനിൽക്കുന്നുവെന്ന ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാ​ലെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.

മൂന്ന് അംഗങ്ങളുള്ള ഭരണഘടനാ സ്ഥാപനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. തീരുമാനമെടുക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പുകളും നിരീക്ഷണങ്ങളും സാങ്കേതിക നിർദേശങ്ങളും ചോദ്യങ്ങളും ഉയരുന്നത് പതിവാണെന്നും ഇതിലൂടെ നിയമപരമായ നടപടിക്രമങ്ങളും പരിശോധനകളും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. കമ്മീഷൻ അംഗങ്ങൾക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങൾ അന്തിമ തീരുമാനത്തിന് മുമ്പുള്ള ചർച്ചകളുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് നടപടികൾ മെച്ചപ്പെടുത്തുന്നതിനായി കമ്മീഷണർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശങ്ങൾ നൽകാൻ അധികാരമുണ്ടെന്നും ഇ.സി വ്യക്തമാക്കി.

കഴിഞ്ഞ 10 മാസത്തിനിടെ ഉണ്ടായ ചില ആഭ്യന്തര കുറിപ്പുകളും നിരീക്ഷണങ്ങളും മാത്രം കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുടെ പൂർണ ചിത്രം നൽകുന്നില്ലെന്നും ഇ.സി പറഞ്ഞു. ഇക്കാലയളവിൽ ഏകദേശം 40 പുതിയ സംരംഭങ്ങളും നിരവധി തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നടപ്പാക്കിയതായി കമ്മീഷൻ അറിയിച്ചു. വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം തീവ്ര വോട്ടർപട്ടിക പരിഷ്‍കരണം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. ഈ തീരുമാനങ്ങളെല്ലാം കഴിഞ്ഞ ഒരു വർഷത്തിനിടെ മുഴുവൻ കമ്മീഷന്റെയും ഏകകണ്ഠമായ അംഗീകാരത്തോടെയാണ് എടുത്തതെന്നും ഇ.സി വ്യക്തമാക്കി. ബിഹാർ, കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അടുത്തിടെ തെരഞ്ഞെടുപ്പുകൾ വിജയകരമായി നടത്തിയതും കമ്മീഷൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ ഇസിഐനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കർശനമായ ഡാറ്റാ സുരക്ഷാ സംവിധാനങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അനധികൃത ഇടപെടലും ഡാറ്റാ മാറ്റവും തടയുന്നതിനുള്ള ഐ.ടി സുരക്ഷാ പരിശോധനകളും ഓഡിറ്റ് സംവിധാനങ്ങളും നിലവിലുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വോട്ടർമാരെ ചേർക്കുന്നതിനും പേരുകൾ നീക്കം ചെയ്യുന്നതിനുമുള്ള നിയമപരമായ അധികാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കുമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

അതേസമയം, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷന്റെ വിശ്വാസ്യത തകർന്നുവെന്നും സി.ഇ.സിക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - EC Says Dissent Report Shows Only One Side
Next Story