എന്തായിരുന്നു തെരഞ്ഞെടുപ്പ് കമീഷനിലെ വിയോജിപ്പുകൾ? സുഖ്ബീർ സന്ധുവിന്റെയും വിവേക് ജോഷിയുടെയും എതിർപ്പുകളിൽ കമീഷന്റെ മറുപടി എന്ത്?
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ കഴിഞ്ഞ പത്ത് മാസമായി പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര ഭിന്നതകൾ പരസ്യമായതിന് പിന്നാലെ, കമീഷണർമാർ ഉന്നയിച്ച ഗുരുതര വിയോജിപ്പുകളിൽ നിർണായക വിശദീകരണങ്ങളും പരിഹാരങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തർക്കവിഷയങ്ങൾ ചർച്ച ചെയ്തതും തിരുത്തൽ നടപടികൾ പ്രഖ്യാപിച്ചതും.
കമീഷനിലെ മറ്റ് രണ്ട് അംഗങ്ങളെയുമറിയിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്നുവെന്ന് കാട്ടി കഴിഞ്ഞ പത്ത് മാസത്തിനിടെ ചുരുങ്ങിയത് 14 തവണയാണ് സന്ധുവും ജോഷിയും രേഖാമൂലം ശക്തമായ വിയോജിപ്പുകൾ രേഖപ്പെടുത്തിയത്. വോട്ടർ രജിസ്ട്രേഷൻ ഫോമിലെ മാറ്റങ്ങൾ, സോഫ്റ്റ്‌വെയർ നിയന്ത്രണങ്ങൾ, വോട്ടർപട്ടിക ഡാറ്റാബേസ് കേന്ദ്രീകരണം, ഐ.ടി വിഭാഗത്തിന്റെ മേൽനോട്ടം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ഭിന്നത ഉടലെടുത്തത്.
കമീഷണർമാർ ഉയർത്തിയ പ്രധാന എതിർപ്പുകളും അവയ്ക്കുള്ള കമീഷന്റെ ഔദ്യോഗിക പ്രതികരണങ്ങളും ചുവടെ പരിശോധിക്കാം:
1. ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ
കമീഷണർമാരുടെ വിയോജിപ്പ്: പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള നിയമാനുസൃത രേഖയായ ഫോം 6-ൽ, 1960-ലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ മാറ്റങ്ങൾ വരുത്താൻ കമീഷന് അധികാരമില്ലെന്ന് വിവേക് ജോഷി ചൂണ്ടിക്കാട്ടി; സന്ധുവും ഇതിനെ പിന്തുണച്ചു. തുടർന്ന് 'ഇസിഐ-നെറ്റ്' പോർട്ടലിലെ ഓൺലൈൻ ഫോമിൽ പ്രത്യേക തീവ്ര പുനരവലോകനവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട പുതിയൊരു ഡിക്ലറേഷൻ ചേർത്തപ്പോൾ, അത് 'അനധികൃതവും നിയമവിരുദ്ധവുമാണെന്ന്' വ്യക്തമാക്കി സന്ധു വീണ്ടും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
കമീഷന്റെ മറുപടി: പുതിയ വോട്ടർമാർ തങ്ങളുടെയോ മാതാപിതാക്കളുടെയോ മുത്തശ്ശി-മുത്തശ്ശന്മാരുടെയോ മുൻപത്തെ എസ്.ഐ.ആർ വിവരങ്ങൾ നൽകണമെന്ന അധിക ഡിക്ലറേഷൻ സുപ്രീം കോടതി ശരിവെച്ചതാണെന്ന് കമീഷൻ വ്യക്തമാക്കി. ഈ വ്യവസ്ഥ എസ്.ഐ.ആർ പ്രക്രിയ നടക്കുന്ന ഘട്ടത്തിലേക്ക് മാത്രമുള്ളതാണെന്നും അല്ലാത്തപ്പോൾ സാധാരണ ഫോം തന്നെയാണ് ഉപയോഗിക്കുകയെന്നും വിശദീകരിച്ചു.
2. വോട്ടർ ഡാറ്റാബേസിലെ നിയന്ത്രണവും സുതാര്യതയും
കമീഷണർമാരുടെ വിയോജിപ്പ്: വോട്ടർപട്ടികയുടെ വിവരശേഖരം അമിതമായി കേന്ദ്രീകരിക്കുന്നതിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതിലുള്ള പ്രവേശന സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നതിലും കമീഷണർമാർ ആശങ്ക രേഖപ്പെടുത്തി. അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ മാറ്റങ്ങൾ വരുത്താൻ അനുവാദമുള്ളൂ എന്ന് ഉറപ്പാക്കാൻ പ്രത്യേക ഓഡിറ്റ് വേണമെന്ന് ജോഷി ആവശ്യപ്പെട്ടു.
കമീഷന്റെ മറുപടി: ഫീൽഡ് ഉദ്യോഗസ്ഥർക്ക് അവരുടെ നിയമപരമായ അധികാരങ്ങൾക്കനുസൃതമായ ലോഗിൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, ഇസിഐ-നെറ്റ് പ്ലാറ്റ്‌ഫോം നിലവിലെ തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമീഷണറുടെ നേതൃത്വത്തിലും സ്വതന്ത്ര ഐഐടി/ഐഐഐടി വിദഗ്ദ്ധൻ ഉൾപ്പെടുന്നതുമായ ഒരു സമിതി രൂപീകരിക്കും. പുതിയ ഐ.ടി മൊഡ്യൂളുകൾ ഇനി ഉദ്യോഗസ്ഥ സമിതിയിൽ ചർച്ച ചെയ്ത ശേഷമേ കമീഷന്റെ മുന്നിൽ വെക്കൂ.
3. ഗോവയിലെ 97 വോട്ടർമാരുടെ പ്രശ്നം
കമീഷണർമാരുടെ വിയോജിപ്പ്: കോടതി ഉത്തരവിനെ തുടർന്ന് ഗോവയിൽ 'യുക്തിസഹമായ പൊരുത്തക്കേടുകൾ' പരിശോധിച്ചതിൽ 97 പേർ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സോഫ്റ്റ്‌വെയറിൽ ഇതിനുള്ള 'റോൾബാക്ക്' ഓപ്ഷൻ ഇല്ലാത്തതിനാൽ ഇവരുടെ പേരുകൾ പുനഃസ്ഥാപിക്കാൻ സാധിച്ചില്ല. ഗോവ സി.ഇ.ഒ ഓഫീസ് 8 തവണ കത്തയച്ചിട്ടും ഈ വോട്ടർമാർ പട്ടികയ്ക്ക് പുറത്തുതന്നെ തുടർന്നു.
കമീഷന്റെ മറുപടി: ഈ വോട്ടർമാരുടെ വീടുകളിൽ ബി.എൽ.ഒമാർ നേരിട്ടെത്തി ഫോമുകൾ ശേഖരിക്കാൻ നിർദ്ദേശം നൽകി. ഇതിനകം 81 പേരിൽ നിന്ന് ഫോം 6 ലഭിച്ചു. ഭാവിയിൽ പൊരുത്തക്കേടുകളുടെ പേരിൽ നോട്ടീസ് ലഭിക്കുന്ന സാധാരണ വോട്ടർമാർ ഹിയറിംഗിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ലെന്നും, ബി.എൽ.ഒമാർ വീടുകളിലെത്തി രേഖകൾ ശേഖരിച്ച് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുമെന്നും കമീഷൻ അറിയിച്ചു.
4. കമീഷന്റെ അറിവില്ലാതെയുള്ള ഉത്തരവുകൾ
കമീഷണർമാരുടെ വിയോജിപ്പ്: മുഴുവൻ കമീഷന്റെയും അംഗീകാരമില്ലാതെ കമീഷന്റെ പേരിൽ പല നിർദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്നതിനെ സന്ധുവും ജോഷിയും ശക്തമായി എതിർത്തു.
കമീഷന്റെ മറുപടി: ഇതിനുള്ള കൃത്യമായ നടപടിക്രമങ്ങളെക്കുറിച്ച് പത്രക്കുറിപ്പിൽ നേരിട്ട് പരാമർശിച്ചില്ലെങ്കിലും, കമീഷൻ യോഗങ്ങളുടെ അജണ്ടകൾ ഇനി മുൻകൂട്ടി നൽകുമെന്നും യോഗ തീരുമാനങ്ങളുടെ മിനിറ്റ്സ് കൃത്യമായി രേഖപ്പെടുത്തുമെന്നും അറിയിച്ചു. കമീഷണർമാർ നൽകുന്ന നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കണമെന്നും ഉത്തരവിട്ടു.
5. ഐ.ടി വിഭാഗത്തിലെ അധികാര തർക്കവും കോടതി അപ്പീലുകളും
കമീഷണർമാരുടെ വിയോജിപ്പ്: തങ്ങളുടെ അറിവില്ലാതെ ഐ.ടി വിഭാഗത്തിലെ ചുമതലകളിൽ മാറ്റം വരുത്തിയതിനെതിരെ കമീഷണർമാർ ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തയച്ചിരുന്നു. പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയവരെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ പേരിൽ കോടതിയിൽ അപ്പീൽ പോയത് ആരുടെ അധികാരത്തിലാണെന്നും സന്ധു ചോദിച്ചിരുന്നു.
കമീഷന്റെ മറുപടി: കമീഷണർമാരുടെ ഇടപെടലിനെ തുടർന്ന് ഐ.ടി വിഭാഗത്തിലെ വിവാദ ഉത്തരവുകൾ നടപ്പിലാക്കിയിരുന്നില്ലെന്ന് കമീഷൻ വിശദീകരിച്ചു. ഡെപ്യൂട്ടി ഇലക്ഷൻ കമീഷണറുടെ മേൽനോട്ട അധികാരം പിൻവലിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ബംഗാളിലെ അപ്പീൽ വിഷയത്തിൽ കൃത്യമായ മറുപടി നൽകാതിരുന്ന കമീഷൻ, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആർക്കും തുടർ അപ്‌ഡേഷനിലൂടെ പേര് ചേർക്കാൻ അപേക്ഷിക്കാമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

