യു.പിയിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
text_fieldsലഖ്നോ: ഉത്തര്‍പ്രദേശില്‍ അവസാന ഘട്ടത്തിലേക്കും മണിപ്പൂരില്‍ രണ്ടാം ഘട്ടത്തിലേക്കുമുള്ള തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് ജില്ലകളിലെ 40 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയാണ് അവസാനഘട്ട പോളിങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്സഭയിലേക്ക് വിജയിപ്പിച്ച വരാണസി കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് അവസാന ദിവസങ്ങളില്‍ നടക്കുന്നത്.
രണ്ട് മാസമായി നീണ്ട് നില്‍ക്കുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശില്‍ ഇന്ന് കൊട്ടിക്കലാശമാകുന്നത്. കഴിഞ്ഞ ആറ് ഘട്ടങ്ങളില്‍ നിന്നും വിഭിന്നമായി ബി.ജെ.പിയും, എസ്.പി-കോണ്‍ഗ്രസ് സഖ്യവും, ബി.എസ്.പിയും പ്രചാരണത്തിലും മുഖാമുഖം വന്നതായിരുന്നു അവസാന ദിവസങ്ങളിലെ പ്രത്യേകത.
അവസാനഘട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും മോദിയുടെ മണ്ഡലമായ വരാണസിയിലായിരുന്നു. മോദി കഴിഞ്ഞ രണ്ട് ദിവസവും പൂര്‍ണമായും മണ്ഡലത്തില്‍ ചെലവഴിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്തു. അവസാന ദിവസമായ ഇന്നും മോദി മണ്ഡലത്തില്‍ തന്നെ നിലയുറപ്പിക്കും. മോദിക്ക് മറുപടിയായി അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും നഗരത്തില്‍ സംയുക്ത റോഡ് ഷോ നടത്തി. ബി.എസ്.പി നേതാവ് മായാവതിയും മേഖലയിലെ വിവിധ റാലികളില്‍ പങ്കെടുത്തു. വരാണസി ലോക്സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പി അഭിമാന പോരാട്ടമാണ് നടത്തുന്നത്.
നിലവിലുള്ള നാല് സിറ്റിങ് സീറ്റുകളില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റ് സ്വാധീന മേഖലകളായ മീര്‍സാപൂര്‍, സോനേഭദ്ര, ചന്ദൗളി ജില്ലകളും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. അതിനാല്‍ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2012ല്‍ 40ല്‍ 26 സീറ്റുകളില്‍ എസ്.പിയും കോണ്‍ഗ്രസുമായിരുന്നു ജയിച്ചത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പില്‍ 40 നിയമസഭ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ലീഡ്.
മണിപ്പൂരിലും താഴ്വര ഭാഗത്തുള്ള 22 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ് നടക്കുക. മലയോര മേഖലയുള്‍പ്പെടുന്ന ആദ്യ ഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 83 ശതമാനം പോളിങ്ങായിരുന്നു നടന്നിരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ ബി.ജെ.പിക്ക് വേണ്ടി കേന്ദ്ര മന്ത്രിമാരായ മന്ത്രി രാജ്നാഥ് സിങ്, നിഥിന്‍ ഗഡ്കരി തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇബോബി സിങ്ങിനെ മുന്‍നിര്‍ത്തി തന്നെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
