വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ജനരോഷത്തെ അടിച്ചമർത്താമെന്നത് സർക്കാരിന്‍റെ വ്യാമോഹം മാത്രം- സി.പി.എം പോളിറ്റ് ബ്യുറോ
text_fieldsപ്രതീകാത്മക ചിത്രം
ന‍്യൂഡെൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കം വിദ്യാർഥി – യുവജന പ്രക്ഷോഭകർ മുന്നോട്ടുവെയ്‌ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു നടപടിക്കും മോദി സർക്കാർ തയ്യാറായിട്ടില്ലെന്നും, നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻ.ടി.എ) പിരിച്ചുവിടാൻ സർക്കാർ കൂട്ടാക്കുന്നില്ല. പ്രക്ഷോഭത്തെ തുടർന്ന് അറസ്‌റ്റുചെയ്യപ്പെട്ടവരെ എത്രയും വേഗം വിട്ടയക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
കോക്ക്‌റോച്ച് ജനതാ പാർടിയുടെയും വിദ്യാർഥി സംഘടനകളുടെയും ആഹ്വാനപ്രകാരം പാർലമെന്റിലേക്ക് നടത്തിയ ചരിത്രപരമായ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥികളെയും യുവജനങ്ങളെയും പോളിറ്റ് ബ്യുറോ അഭിനന്ദിച്ചു. യുവാക്കളുടെ പ്രക്ഷോഭത്തോട് മുഖംതിരിച്ച മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടിനുള്ള തക്കതായ മറുപടിയായി മാർച്ച് മാറി. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിനെയും കണ്ണീർ വാതക പ്രയോഗത്തെയും സി.പി.എം ശക്തമായി അപലപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പൊലീസ് അതിക്രമം ഉണ്ടായത്. ഈ പൊലീസ് അതിക്രമത്തിൽ വിദ്യാർഥിനികളടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഗോൾ മാർക്കറ്റിൽ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവന് മുന്നിലും പൊലീസിന്റെ ലാത്തിപ്രയോഗമുണ്ടായി. പാർലമെന്റ് മാർച്ചിൽ അഭൂതപൂർവമായ പങ്കാളിത്തമാണുണ്ടായതെന്നും, പ്രക്ഷോഭകരുടെ ആവശ്യങ്ങളോട് സർക്കാർ ധിക്കാരപൂർവ്വം മുഖംതിരിക്കുകയാണെന്നും പാർട്ടി ചൂണ്ടിക്കാണിച്ചു.
ജന്തർമന്തറിലെ നിരാഹാര സമരവും പൊലീസ് നടപടിയുമെല്ലാം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെയ്‌ക്കുകയാണ്. രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കും വിദ്യാഭ്യാസ മേഖലയിലെ കൂട്ടകുഴപ്പങ്ങൾക്കും പരിഹാരം കാണാൻ കൂട്ടാക്കാത്ത സർക്കാർ പ്രക്ഷോഭകരുമായി ചർച്ചയ്‌ക്ക് വിസമ്മതിക്കുകയാണ്. എന്നാൽ, സർക്കാർ നയങ്ങൾക്കെതിരായ രോഷത്തെ അടിച്ചമർത്താമെന്നത് ബി.ജെ.പി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

