ഡൽഹിയിൽ ഇ.ഡി റെയ്ഡ്: 14 കോടിയുടെ പണവും സ്വർണ്ണവും പിടിച്ചെടുത്തു
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ 14 കോടി രൂപയുടെ അനധികൃത പണവും സ്വർണവും പിടിച്ചെടുത്തു. അഞ്ച് കോടിയിലധികം രൂപയുടെ കറൻസി നോട്ടുകൾ, 8.8 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-ഡയമണ്ട് ആഭരണങ്ങൾ എന്നിവയാണ് റെയ്ഡിലൂടെ ഇ.ഡി ഉദ്യോഗസ്ഥർ കണ്ടെടുത്തത്. 35 കോടി രൂപയുടെ സ്വത്തുവിവരങ്ങൾ അടങ്ങിയ രേഖകളും ചെക്ക് ബുക്കുകളും അന്വേഷണസംഘം ഇതോടൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തെക്കൻ ഡൽഹിയിലെ സർവ്വപ്രിയ വിഹാറിലുള്ള അമൻ കുമാറിന്റെ വീട്ടിലായിരുന്നു ഇ.ഡി റെയ്ഡ് നടത്തിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട റാവു ഇന്ദർജീത് യാദവിന്റെ അടുത്ത കൂട്ടാളിയാണ് അമൻ കുമാർ. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള റാവു ഇന്ദർജീത് യാദവ്, സ്വകാര്യ ജെറ്റുകളും ആഡംബര കാറുകളുമായി അത്യാഢംബര ജീവിതം നയിക്കുന്ന ചിത്രങ്ങൾ പതിവായി പങ്കുവെക്കാറുണ്ട്. എന്നാൽ, പൊലീസിന്റെ റെക്കോർഡുകളിൽ ഇയാൾ കുപ്രസിദ്ധ ഗുണ്ടാത്തലവനും സാമ്പത്തിക കുറ്റവാളിയുമാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇന്ദർജീത് യാദവിനും സഹായികൾക്കുമെതിരെ നേരത്തെ ഇ.ഡി കേസെടുത്തിരുന്നു. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, വൻകിട വായ്പ ഇടപാടുകളിൽ തോക്കുചൂണ്ടി മധ്യസ്ഥത വഹിക്കൽ, അനധികൃത ഭൂമി കൈയേറ്റം തുടങ്ങി 15-ഓളം എഫ്.ഐ.ആറുകൾ ഇയാൾക്കെതിരെ ഹരിയാന, ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 'ജെം ട്യൂൺസ്' (Gems Tunes) എന്ന സംഗീത നിർമാണ കമ്പനിയുടെ ഉടമയാണ് റാവു ഇന്ദർജീത് യാദവ്.
നിലവിൽ ഇന്ദർജീത് യാദവ് രാജ്യം വിട്ട് യു.എ.ഇയിലേക്ക് കടന്നതായാണ് വിവരം. ഇയാൾക്കായി ഹരിയാന പൊലീസും ഇ.ഡിയും തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഡൽഹി, ഗുരുഗ്രാം, റോത്തക് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണ്. റെയ്ഡിനിടെ കണ്ടെടുത്ത പണം എണ്ണി തിട്ടപ്പെടുത്താനായി ബാങ്ക് ഉദ്യോഗസ്ഥരെയും മെഷീനുകളെയും അന്വേഷണസംഘം സ്ഥലത്തെത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

