ബിഹാർ തിരഞ്ഞെടുപ്പിൽ അധിക വോട്ടെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ; നടപടി യോഗ്യരായവർക്ക് അവസരം നഷ്ടപ്പെടാതിരിക്കാനെന്ന് വിശദീകരണം
text_fieldsന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ അധിക വോട്ടെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. അതിന് ശേഷം മൂന്ന് ലക്ഷം ആളുകൾ കൂടി പേരുചേർത്തുവെന്നും ഇതോടെയാണ് 7.45 കോടിയായി വോട്ടർമാരുടെ എണ്ണം വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തിയതെന്നും കമീഷൻ വ്യക്തമാക്കി.
ബിഹാറിൽ എസ്.ഐ.ആറിന് ശേഷം ഒക്ടോബർ ആറിന് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്തക്കുറിപ്പ് അനുസരിച്ച് 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന് പിന്നാലെ, തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് 7,45,26,858 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ്.
ഇതിന് പിന്നാലെ, പൊടുന്നനെ മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയിൽ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമോയെന്നും സിപിഎം, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപണമുന്നയിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച കമീഷൻ വിശദീകരണം നൽകിയത്.
വോട്ടർമാരുടെ എണ്ണം പ്രതിപാദിച്ചത് വോട്ട് ചെയ്തു എന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്ന് വാർത്താകുറിപ്പിൽ പറയുന്നു. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിന് ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്, അതല്ലാതെ ഇവർ വോട്ട് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബിഹാറിൽ നടന്നത് വൻ വോട്ട് കൊള്ളയാണെന്നും, തെളിവ് വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചിരുന്നു. ശനിയാഴ്ച, ന്യൂഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് വിധി അവലോകനം ചെയ്യാൻ യോഗം ചേർന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
ആർ.ജെ.ഡി നേതാവും മുഖമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്, സി.പി.ഐ എം.എൽ ഉൾപ്പെടെ ഘടക കക്ഷി നേതാക്കൾ എന്നിവരുമായി സംസാരിച്ചതായും, ആർക്കും വിശ്വസിക്കാവുന്ന തെരഞ്ഞെടുപ്പ് ഫലമല്ല ബിഹാറിൽ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ സാധ്യമായ എല്ലാ തെളിവുകളും ശേഖരച്ച് പുറത്തു വിടും. ഫോം 70 ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. എല്ലാ രേഖകകളും സഹിതം നിയമ പോരാട്ടം നടത്തും. അട്ടിമറി കണ്ടെത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകാനും അവലോകന യോഗത്തിൽ തീരുമാനമായതായും കെ.സി വേണുപോഗാൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

