ബിഹാറിൽ നടന്നത് വൻ വോട്ടുകൊള്ള; ഇന്ത്യൻ ജനാധിപത്യം അപകടാവസ്ഥയിൽ - തോൽവിയുടെ കാരണം അവലോകനം ചെയ്ത് കോൺഗ്രസ്
text_fieldsകോൺഗ്രസ് റാലിയിൽ നിന്ന്
ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ വൻ തോൽവിയുടെ കാരണം അവലോകനം ചെയ്ത് കോൺഗ്രസ് ഉന്നതതല യോഗം. ശനിയാഴ്ച, ന്യൂഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് തെരഞ്ഞെടുപ്പ് വിധി അവലോകനം ചെയ്തത്.
ബിഹാറിൽ നടന്നത് വൻ വോട്ട് കൊള്ളയാണെന്നും, തെളിവ് ഉടൻ പുറത്തുവിടുമെന്നും യോഗത്തിനു ശേഷം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
ആർ.ജെ.ഡി നേതാവും മുഖമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്, സി.പി.ഐ എം.എൽ ഉൾപ്പെടെ ഘടക കക്ഷി നേതാക്കൾ എന്നിവരുമായി സംസാരിച്ചതായും, ആർക്കും വിശ്വസിക്കാവുന്ന തെരഞ്ഞെടുപ്പ് ഫലമല്ല ബിഹാറിൽ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളിൽ സാധ്യമായ എല്ലാ തെളിവുകളും ശേഖരച്ച് പുറത്തു വിടും. ഫോം 70 ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. എല്ലാ രേഖകകളും സഹിതം നിയമ പോരാട്ടം നടത്തും. അട്ടിമറി കണ്ടെത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകാനും അവലോകന യോഗത്തിൽ തീരുമാനമായി -കെ.സി വേണുപോഗാൽ പറഞ്ഞു.
ഏകപക്ഷീയമായ ഒരു തെരഞ്ഞെടുപ്പിൽ കാണുന്നതിനേക്കാൾ സ്ട്രൈക്ക് റേറ്റ് ബിഹാറിൽ ബി.ജെ.പി നേടിയത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. 1984ൽ ഇന്ദിരാഗാന്ധിയുടെ മരണ ശേഷമുണ്ടായ തെരഞ്ഞെടുപ്പാണ് ഇന്ത്യൻ ചരിത്രത്തിലെ ഏകപക്ഷീയമെന്ന് പറയാവുന്ന ഒന്ന്. എന്നാൽ, അവിടെ പോലും 90 ശതമാനം സ്ട്രൈക്ക് റൈറ്റ് ഇല്ലായിരുന്നു. അതിനെയും കടത്തി വെട്ടുന്നതാണ് ബിഹാറിൽ ബി.ജെ.പി നേതൃത്വത്തിൽ കണ്ടതെന്നും, ഇത് വോട്ടുകൊള്ളയിലേക്കും അട്ടിമറിയിലേക്കുമാണ് സൂചന നൽകുന്നതെന്നും യോഗ ശേഷം അദ്ദേഹം വിശദീകരിച്ചു.
ഏതെങ്കിലും സാഹചര്യത്തിലും ജെ.ഡി.യു, ആർ.ജെ.ഡിക്കും മറ്റു കക്ഷികൾക്കും ഒപ്പം ചേർന്ന് സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചാൽ പോലും അതിന് അനുവദിക്കാത്ത വിധം രൂപകൽപന ചെയ്ത തെരഞ്ഞെടുപ്പ് ഫലമാണ് ബി.ജെ.പി ബിഹാറിലുണ്ടാക്കിയത്. ഇത് പൂർണമായ കൃത്രിമമാണെന്ന് വ്യക്തമാണ്.
ഇന്ത്യൻ ജനാധിപത്യം അതീവഗുരുതമായ സ്ഥിതിയിലൂടെയാണ് കടന്നു പോവുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടിയും തുടർ പ്രക്ഷോഭവുമായി മുന്നോട്ട് പോകും -കെ.സി വേണുഗോപാൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ അസ്വാഭാവികമായ പലതും സംഭവിച്ചതായും സംശയിക്കുന്നുവെന്നും, ഫലം എല്ലാവർക്കും അവിശ്വസനീയമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

