ഡൽഹിയിലെ ദുരഭിമാന കൊല: അക്രമികൾ വിദ്യാർഥിയെ പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികൾ
text_fieldsഡൽഹി: 18കാരനായ വിദ്യാർഥിയെ അടിച്ച് കൊലെപ്പടുത്തിയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഡൽഹി ആദർശ് നഗർ സ്വദേശിയായ രാഹുലാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജാതിക്കാരിയായ പെൺകുട്ടിയുമായുള്ള ബന്ധത്തെ തുടർന്നാണ് വിദ്യാർഥിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളായ കൗമാരക്കാരായിരുന്നു ആക്രമണത്തിന് പിന്നിൽ. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
ദൃശ്യങ്ങളിൽ രാഹുലിനേയും പെൺകുട്ടിയേയും ഒരുസംഘം ആളുകൾ പിന്തുടരുന്നതായാണ് കാണുന്നത്. മുന്നിൽ പോകുന്ന രാഹുലിനേയും പെൺകുട്ടിയേയും വളഞ്ഞ് ഇവർ നടക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയൊ പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ബി.എ രണ്ടാം വർഷ വിദ്യാർഥിയായ രാഹുൽ വീടുകളിൽ പോയി ട്യൂഷൻ എടുത്തിരുന്നു. ആക്രമണം നടന്ന സ്ഥലത്തിന് അടുത്തായിരുന്നു രാഹുൽ താമസിച്ചിരുന്നത്. പുതിയൊരു വിദ്യാർഥിയെ പരിചയപ്പെടാമെന്ന് പറഞ്ഞാണ് രാഹുലിനെ അക്രമികൾ ഫോൺ വിളിച്ച് കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചത്. അതിനുശേഷം സംഘംചേർന്ന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാഹുലും പെൺകുട്ടിയും തമ്മിലുള്ള ബന്ധം ഇവരുടെ വീട്ടുകാർക്ക് ഇഷ്മായിരുന്നില്ല. പെൺകുട്ടിയുടെ സഹോദരനും കുടുംബാംഗങ്ങളും ചേർന്നാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്ന് സീനിയർ പൊലീസ് ഓഫീസർ വിജയാന്ത ആര്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പത്തോളം പേർ ചേർന്നാണ് മകനെ ആക്രമിച്ചതെന്നും നാട്ടുകാർ തടഞ്ഞിട്ടും അവർ ആക്രമണം തുടർന്നുവെന്നും രാഹുലിെൻറ പിതാവും പറയുന്നു.

