Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പലയിടത്തും ബി.ജെ.പി നമ്മെ കോപ്പിയടിച്ചു; ഇപ്പോൾ ട്രംപും നമ്മെ കോപ്പിയടിക്കുകയാണെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

text_fields
bookmark_border
DK Sivakumar
cancel
camera_alt

ഡി.കെ. ശിവകുമാർ, ട്രംപ് 

ബംഗളൂരു: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജനങ്ങൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായം കർണാടക സർക്കാരിന്റെ 'ഗ്യാരണ്ടി' പദ്ധതികളുടെ മാതൃകയാണെന്ന അവകാശവാദവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്ത്. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മാതൃകയാണ് ഇപ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്കപോലും പിന്തുടരുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

ബംഗളൂരുവിലെ കോൺഗ്രസ് കാര്യാലയത്തിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഡി.കെ. ശിവകുമാറിന്റെ ഈ പരാമർശം. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ കർണാടകയിലെ പദ്ധതികൾ കോപ്പിയടിച്ചെന്നും, ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അതേ മാതൃകയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

2026ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം നിലനിർത്തിയാൽ എല്ലാ അമേരിക്കൻ പൗരന്മാർക്കും 5,000 ഡോളർ വീതം നൽകുമെന്ന് സെപ്റ്റംബർ 9ന് ടെക്സാസിലെ ഡല്ലാസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിൽ ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. 'ട്രംപ് ഡിവിഡൻഡ്' എന്ന് വിശേഷിപ്പിച്ച ഈ തുക അമേരിക്കക്കാർക്ക് നൽകുമെന്ന പ്രഖ്യാപനത്തെയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ക്ഷേമ മാതൃകയുമായി ഡി.കെ. ശിവകുമാർ ബന്ധിപ്പിച്ചത്.

‘മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലും അവർ നമ്മെ കോപ്പിയടിച്ചു, ഇപ്പോൾ ട്രംപും നമ്മെ കോപ്പിയടിക്കുകയാണ്’ എന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസ് പാർട്ടി നടപ്പിലാക്കുന്ന ജനക്ഷേമ നയങ്ങളുടെ വിജയമാണിതെന്നും ലോകം മുഴുവൻ നമ്മുടെ ഭരണഘടനയെയും ആശയങ്ങളെയും ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ വേദിയിൽ വെച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെയും ഡി.കെ. ശിവകുമാർ ആഞ്ഞടിച്ചു. രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി ഹിന്ദുത്വത്തെ നാടകീയമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ജനങ്ങൾ നൽകിയ പണവും നിർമാണ സാമഗ്രികളും ബി.ജെ.പി ദുരുപയോഗം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

‘അവർ രാമന്റെ പേരിൽ പണം പിരിച്ചെടുത്ത് വഞ്ചിച്ചു. കർണാടകയിൽ നിന്നും ആളുകൾ പണവും ഇഷ്‌ടികയും അയച്ചുകൊടുത്തു, എന്നാൽ അവർ അതൊക്കെ ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല ചെയ്യുന്നത്’ എന്ന് ശിവകുമാർ വ്യക്തമാക്കി. ജാതിയുടെയോ മതത്തിന്റെയോ പേരിലല്ലാതെ എല്ലാ ജനങ്ങൾക്കും സേവനം ചെയ്യാനാണ് കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമേ കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല പദ്ധതിയെയും പാചകവാതക വിലക്കയറ്റത്തെയും മുൻനിർത്തിയും അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DK Shivakumar Claims US President Trump Copied CongressWelfare Model
Next Story