Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 വർഷത്തെ ഐ.എ.എസ് സേവനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക്; ഏതെങ്കിലും ഒരു പാർട്ടിക്ക് കീഴിൽ പ്രവർത്തിക്കില്ലെന്ന് ദിവ്യ മിത്തൽ

text_fields
bookmark_border
Divya Mittal
cancel

ലഖ്നോ: 13 വർഷത്തെ ഐ.എ.എസ് സേവനം അവസാനിപ്പിച്ച മുൻ ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥ ദിവ്യ മിത്തൽ രാഷ്ട്രീയത്തിലേക്ക്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിക്ക് കീഴിൽ പ്രവർത്തിക്കില്ലെന്നും ജനങ്ങൾക്കൊപ്പമുള്ള സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനമാണ് ലക്ഷ്യമെന്നും അവർ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് ആയിരിക്കും ‘കർമഭൂമി’യെന്നും ഇവിടെ നിന്ന് തന്നെയാണ് രാഷ്ട്രീയ യാത്ര ആരംഭിക്കുകയെന്നും ദിവ്യ മിത്തൽ വ്യക്തമാക്കി.

2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന ദിവ്യ മിത്തൽ ആഗസ്റ്റ് 30നാണ് സർവീസിൽനിന്ന് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളും കുടുംബ മുൻഗണനകളും ജീവിതത്തിലെ പുതിയ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. സെപ്റ്റംബർ 15ന് രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഐ.എ.എസ് സർവിസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവർത്തനമാണ് ത​ന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി ദിവ്യ മിത്തൽ രംഗത്തെത്തിയത്.

മിർസാപൂർ, ദിയോറിയ ഉൾപ്പെടെയുള്ള ജില്ലകളിൽ ജില്ലാ മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ച ദിവ്യ മിർസാപൂരിലെ വിദൂര ഗ്രാമങ്ങളിലേക്ക് പൈപ്പ് വെള്ളം എത്തിക്കാൻ നടത്തിയ ശ്രമങ്ങളോടെ ശ്രദ്ധേയയായിരുന്നു. സാധാരണക്കാരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു. കൂടാതെ ഉത്തരവാദിത്തം, നീതി, സാധാരണ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിലായിരിക്കും തന്റെ രാഷ്ട്രീയ യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അവർ പറഞ്ഞു.

ഐ.എ.എസ് ഉദ്യോഗസ്ഥയായിരിക്കെ നേരിട്ട ചില അനുഭവങ്ങളാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്നും ദിവ്യ മിത്തൽ വിശദീകരിച്ചു. മിർസാപുരിൽ ജില്ലാ മജിസ്ട്രേറ്റായിരുന്ന കാലത്ത് ലഹുരിയ ദഹ് പ്രദേശത്തെ പരിശോധനക്കിടെ ഒരു സ്ത്രീയോട് ആവശ്യങ്ങൾ ചോദിച്ചപ്പോൾ പെൻഷനോ വീടോ ആവശ്യപ്പെടുമെന്ന് കരുതിയെങ്കിലും ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്നായിരുന്നു അവരുടെ ആവശ്യം. തുടർന്ന് സ്കൂൾ അനുവദിച്ചെങ്കിലും മൂന്ന് വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചില്ലെന്ന് ദിവ്യ മിത്തൽ പറഞ്ഞു.

ഫണ്ട്, ചട്ടങ്ങൾ, അനുമതികൾ എന്നിവ ലഭ്യമായിരുന്നിട്ടും പദ്ധതി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് തന്നെ അലട്ടിയതെന്നും അവർ പറഞ്ഞു. ഇത്തരത്തിലുള്ള ‘അദൃശ്യ സ്കൂളുകളെ’ക്കുറിച്ച് രാഷ്ട്രീയത്തിൽ നിന്ന് ചോദ്യങ്ങൾ ഉയർത്താനാണ് ഉദ്ദേശമെന്നും അവർ വ്യക്തമാക്കി. നിർമിക്കപ്പെടാത്ത റോഡുകളും നടപ്പാക്കാത്ത ഭൂമി പാട്ട പദ്ധതികളും ഉൾപ്പെടെയുള്ള വിഷയങ്ങളും അവർ ഉന്നയിച്ചു. മോശം റോഡുകൾ മൂലമുള്ള അപകട മരണങ്ങളും പരീക്ഷാ പേപ്പർ ചോർച്ചകൾ വിദ്യാർഥികളുടെ ഭാവിയിൽ സൃഷ്ടിക്കുന്ന ആശങ്കകളും രാഷ്ട്രീയ ചർച്ചയാക്കേണ്ട വിഷയങ്ങളാണെന്നും ദിവ്യ മിത്തൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former IAS Divya Mittal Enters Politics
Next Story