ശമ്പള അഡ്വാൻസ് നൽകിയില്ല; തൊഴിലുടമയുടെ ഓഫീസ് കൊള്ളയടിച്ച് യുവാവ്, ഒടുവിൽ പിടിയിൽ
text_fieldsന്യൂഡൽഹി: ശമ്പള അഡ്വാൻസ് നിഷേധിച്ചതിന് പിന്നാലെ, തൊഴിലുടമയുടെ ഓഫീസ് കൊള്ളയടിച്ച് 4.5 ലക്ഷം രൂപ കവർന്ന യുവാവ് പിടിയിൽ. ഡൽഹി സ്വദേശിയായ മുംതാസ് (22) ആണ് പിടിയിലായത്.
ഡൽഹി ദ്വാരക ജില്ലയിലെ നജഫ്ഗഡിൽ ഓഗസ്റ്റ് 20 അർദ്ധരാത്രിയിലാണ് സംഭവം. നജഫ്ഗഡ് സ്വദേശി മുകുൾ ജെയിന്റെ ഗോഡൗണിലാണ് മോഷണം നടന്നത്. പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് മുഖം മറച്ച പ്രതി സുരക്ഷ ക്യാമറകൾ പ്രവർത്തനരഹിതമാക്കി മുറിയുടെ സീലിംഗ് വഴി ഓഫീസിൽ കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിനിടെ, ഗോഡൗണിലെ ചുമട്ടുതൊഴിലാളിയായ മുംതാസിന്റെ ഫോൺ സംഭവസമയത്ത് ഗോഡൗണിന്റെ പരിസരത്ത് പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന്, ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളിൽ നിന്ന് 3.14 ലക്ഷം രൂപ കണ്ടെടുത്തു. മുൻകൂറായി ശമ്പളം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും തൊഴിലുടമ നിരസിച്ചുവെന്നും മുംതാസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തുടർന്ന് ഉടമയെ ഒരു പാഠം പഠിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്നും മുതാസിൻറെ മൊഴിയിലുണ്ട്. മോഷണത്തിന് ഇയാളെ സഹായിച്ച വികാസ് എന്നയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഗോഡൗണിന്റെ സുരക്ഷയെക്കുറിച്ച് മുംതാസിന് നന്നായി അറിയാമായിരുന്നുവെന്ന് ദ്വാരക പോലീസ് പോലീസ് പറഞ്ഞു. പരിചയമുണ്ടായിരുന്നതുകൊണ്ടുതന്നെ, ഇയാൾ കെട്ടിടത്തിലേക്ക് കടക്കുന്നത് കണ്ടിട്ടും കാവൽ നായ്ക്കൾ കുരച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

