ഡൽഹിയിൽ കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് വിവേചനമെന്ന്
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഓശാന ഞായറാഴ്ച കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടിയെ അപലപിച്ച് അഖിലേന്ത്യ കാത്തലിക് യൂനിയൻ. നടപടി ‘കർശന സുരക്ഷ മാനദണ്ഡങ്ങൾ’ കാരണമാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഏതുതരത്തിലാണ് കുരിശിന്റെ വഴി സുരക്ഷ ഭീഷണിയായതെന്ന് വ്യക്തമാക്കിയില്ലെന്ന് സംഘടന വാർത്തക്കുറിപ്പിൽ പറഞ്ഞു.
പരമ്പരാഗത ആഘോഷങ്ങൾ നടത്താനുള്ള കത്തോലിക്കാ സമൂഹത്തിന്റെ ന്യൂനപക്ഷ അവകാശങ്ങളെ നിരോധനം ലംഘിക്കുന്നു. ഇത് മോശമായ മാതൃക സൃഷ്ടിക്കുന്നതും രാജ്യത്തെ മതേതര അന്തരീക്ഷത്തിന് ദോഷവുമാണ്.അതിരൂപത വികാരി ജനറാൾ ഒരു മാസം മുമ്പ് പൊലീസ് അനുമതിക്കായി അപേക്ഷ നൽകിയിരുന്നു.
മുൻ വർഷങ്ങളിലെപോലെ പതിവ് രീതിയിൽ അധികാരികളുടെ അനുവാദം പ്രതീക്ഷിച്ചിരുന്നു. അനുമതി നിഷേധിക്കാനുള്ള തീരുമാനം അവസാന നിമിഷം ഡൽഹി പൊലീസ് ടെലിഫോണിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ഈ വിഷയത്തിൽ കത്തും കൈമാറി. ഭൂരിപക്ഷ സമുദായങ്ങളുടെ ഘോഷയാത്രകൾക്കും പരിപാടികൾക്കും അനുമതി ലഭിക്കുന്നത് തുടരുമ്പോഴാണ് ഈ നീതിനിഷേധമെന്നും സംഘടന ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.