ശനിയാഴ്ച 414 രോഗികൾ മാത്രം; ഡൽഹി സാധാരണ ജീവിതത്തിലേക്ക്
text_fieldsന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗം പിടിച്ചുലച്ച ദേശീയ തലസ്ഥാന നഗരി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. 414 രോഗികൾ മാത്രമാണ് ശനിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്യത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനമായി താഴ്ന്നതോടെ ഡൽഹി സർക്കാർ തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
രാവിലെ എട്ടു മുതൽ രാത്രി 10 വരെ മാർക്കറ്റുകൾക്കും മാളുകൾക്കും തുറന്നു പ്രവർത്തിക്കാം. 50 ശതമാനം യാത്രക്കാരുമായി മെട്രോ സർവിസും തുടങ്ങും. 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തിയെങ്കിലും സർക്കാർ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു.
അതിനിടെ, മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കങ്ങളും ഡൽഹി സർക്കാർ ആരംഭിച്ചു. മൂന്നാം തരംഗത്തിെൻറ തീവ്ര ഘട്ടത്തിൽ 37,000 കേസുകൾ വരെ ഉണ്ടായേക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. ഇതിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായും കോവിഡ് വകഭേദങ്ങളെ തിരിച്ചറിയാനായി എൽ.എൻ.ജെ.പി, ഐ.എൽ.ബി.എസ് എന്നിവിടങ്ങളിൽ പ്രത്യേക ലാബ് സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. കൂടാതെ, ആശുപത്രികളിൽ കിടക്ക വർധിപ്പിക്കാനും പുതിയ ആശുപത്രികളുടെ നിർമാണം അതിവേഗം പൂർത്തിയാക്കാനുമുള്ള നടപടികൾ ആരംഭിച്ചു. പ്രതിരോധ നടപടികൾ ആവിഷ്കരിക്കാൻ രണ്ട് സമിതികൾക്ക് രൂപം നൽകി.
എട്ടുപേർ ഉൾപ്പെടുന്ന സമിതി മൂന്നാം വരവുണ്ടായാൽ എങ്ങനെ നേരിടണം, എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതിൽ പദ്ധതി തയാറാക്കും. 13 പേർ ഉൾപ്പെടുന്ന മറ്റൊരു സമിതി ആശുപത്രി, ഓക്സിജൻ പ്ലാൻറ്, മരുന്നു വിതരണം എന്നിവയുമായി ബന്ധപ്പെട്ട സ്ഥിതി വിലയിരുത്തി എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

