ഡൽഹി വോട്ടർപട്ടിക പുതുക്കൽ: കുടിയൊഴിപ്പിച്ചവരുടെ വോട്ടുകൾ വൻതോതിൽ വെട്ടിമാറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) ഏറ്റവും കൂടുതൽ ദുരിതം പേറുന്നത് സർക്കാർ ഒഴിപ്പിക്കലുകളിൽ വീട് നഷ്ടപ്പെട്ട ജനവിഭാഗങ്ങൾ. ഡൽഹിയിലെ ചേരികളും കുടിലുകളും തകർത്ത പ്രദേശങ്ങളിലെ വോട്ടർമാരിൽ ഭൂരിഭാഗം പേരുടെയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
കുടിയൊഴിപ്പിക്കൽ ബാധിച്ച ഒൻപത് പോളിങ് ബൂത്തുകളിലെ കണക്കുകൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ ബൂത്തുകളിലുണ്ടായിരുന്ന ആകെ വോട്ടർമാരിൽ 87.87 ശതമാനം പേരുടെയും (10,015 പേരിൽ 8,800 പേർ) പേരുകൾ പട്ടികയിൽ നിന്ന് വെട്ടിമാറ്റി. സർക്കാർ മറ്റ് സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിച്ചവരിൽ പലരും പുതിയ വിലാസങ്ങൾ നൽകിയെങ്കിലും പരിഷ്കരണ പ്രക്രിയയിൽ അവ അംഗീകരിക്കപ്പെട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഡൽഹിയിലാകെ വലിയ തോതിലുള്ള വോട്ടർ പട്ടിക ശുദ്ധീകരണമാണ് നടക്കുന്നത്. എസ്.ഐ.ആർ പ്രക്രിയയ്ക്ക് മുൻപ് ഡൽഹിയിൽ ഏകദേശം 1.45 കോടി വോട്ടർമാരാണുണ്ടായിരുന്നത്. സ്ഥലത്തില്ലാത്തവർ, മാറിത്താമസിച്ചവർ, മരണപ്പെട്ടവർ, ഇരട്ട വോട്ടുള്ളവർ എന്നിങ്ങനെ രേഖപ്പെടുത്തിയ 47.6 ലക്ഷം വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം ഒഴിവാക്കിയിരുന്നു. തുടർന്ന് ഡ്രാഫ്റ്റ് വോട്ടർപട്ടികയിലുണ്ടായിരുന്ന മറ്റൊരു 31.6 ലക്ഷം വോട്ടർമാർക്ക് യോഗ്യത തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുകൾ അയക്കുകയും ചെയ്തു.
ഡൽഹിയിലെ 14,947 പോളിങ് ബൂത്തുകളിൽ 51 എണ്ണത്തിൽ മാത്രമാണ് കമീഷന്റെ രണ്ട് ശതമാനം ഡിലീഷൻ പരിധി പാലിക്കപ്പെട്ടത്. 639 ബൂത്തുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ പകുതിയിലധികവും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഒരു ബൂത്തിൽ രണ്ട് ശതമാനത്തിൽ കൂടുതൽ പേരുകൾ ഒഴിവാക്കുന്നത് സംശയാസ്പദമാണെന്നും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർ വ്യക്തിപരമായി ഇത് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശം.
ചേരികളിലും ജുഗ്ഗി-ജോപ്രി ക്ലസ്റ്ററുകളിലും താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വോട്ടവകാശം നഷ്ടപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്വേഷണം ചൂണ്ടിക്കാണിക്കുന്നു. ആളുകൾ എവിടെ, എക്കാലം താമസിച്ചു എന്നതിന്റെ തെളിവുകളായും വോട്ടർ പട്ടികയിലെ രേഖകൾ ഉപയോഗിക്കാറുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അർഹത തെളിയിക്കുന്നതിനും ഈ രേഖകൾ നിർണ്ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

