വോട്ടർ പട്ടികയിൽ പേരുറപ്പിക്കാൻ അദ്വാനിയും കെജ്രിവാളും ധൻഖറും ഉൾപ്പെടെ 32 ലക്ഷം പേർക്ക് നോട്ടീസ്
text_fieldsന്യൂഡൽഹി: വോട്ടർ പട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) ഭാഗമായി മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെ ഏകദേശം 32 ലക്ഷം വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്. വോട്ടർ പട്ടികയിൽ ഉൾപ്പെടാനുള്ള യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനാണ് നിർദ്ദേശം.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുടെ (എസ്.ഐ.ആർ) ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിലാണ് പ്രമുഖരുടെ പേരുകൾ തടഞ്ഞുവെച്ചിരിക്കുന്നത്. 2002-ലെ വോട്ടർ പട്ടികയുമായി വിവരങ്ങൾ ഒത്തുപോകാത്തതും വോട്ടറുടെയോ മാതാപിതാക്കളുടെയോ പേരുകളിലെ വ്യത്യാസങ്ങൾ, മാതാപിതാക്കളും മുത്തശ്ശന്മാരും തമ്മിലുള്ള അസാധാരണമായ പ്രായവ്യത്യാസം തുടങ്ങിയ പൊരുത്തക്കേടുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കോൺഗ്രസ് എം.പി അഭിഷേക് സിങ്‌വി, മുതിർന്ന പാർലമെന്റേറിയൻ കപിൽ സിബൽ, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മുൻ വ്യോമസേന മേധാവി എൻ.എ.കെ. ബ്രൗൺ തുടങ്ങിയ പ്രമുഖർക്കും കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
ന്യൂഡൽഹിയിൽ വോട്ടർമാരായ 98 കാരനായ അദ്വാനി, മകൾ പ്രതിഭ, മരുമകൾ ഗീതിക എന്നിവരുടെ പേരുകൾ 2002-ലെ പട്ടികയുമായി മാപ്പ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. അതേസമയം, അദ്ദേഹത്തിന്റെ മകൻ ജയന്തിന്റെ പേര് പരിശോധനയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഡൽഹി കന്റോൺമെന്റ് മണ്ഡലത്തിലെ വോട്ടറായ മുൻ ഇലക്ഷൻ കമീഷണർ എസ്.എസ്. സന്ധുവിന്റെ കാര്യത്തിൽ പേരിലെ അക്ഷരത്തെറ്റാണ് നോട്ടീസിന് കാരണം. എന്നാൽ ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ, ഇലക്ഷൻ കമീഷണർ വിവേക് ജോഷി എന്നിവരുടെ പേരുകൾ പരിശോധനയിൽ വ്യക്തതയുള്ളതായി കണ്ടെത്തി.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനായിരുന്ന അന്തരിച്ച ബിബേക് ദേബ്‌റോയ്ക്കും 2002-ലെ പട്ടികയുമായി വിവരങ്ങൾ ഒത്തുപോകാത്തതിനാൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് വളരെ മുൻപ്, 2024 നവംബറിലാണ് അദ്ദേഹം അന്തരിച്ചത്.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വിലാസത്തിൽ വോട്ടറായ ജഗ്ദീപ് ധൻഖർക്കും ഭാര്യ സുധേഷിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പേര് മാതാപിതാക്കളുടെ പ്രായവുമായുള്ള വ്യത്യാസത്തിന്റെ പേരിലാണ് തടഞ്ഞത്. എങ്കിലും രേഖകൾ പരിശോധിച്ചെന്നും നവംബർ നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടുത്തുമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കേജ്‌രിവാളും കുടുംബവും 2002-ലെ പട്ടികയുമായി വിവരങ്ങൾ ഒത്തുപോകാത്തതിന്റെ പേരിലാണ് നോട്ടീസ് നേരിട്ടത്.
ന്യൂഡൽഹി എം.പി ബൻസുരി സ്വരാജ്, ഡൽഹി മന്ത്രി പർവേശ് സാഹിബ് സിങ്, മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബി.എൻ. കിർപാൽ, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ മകൻ നരേഷ് ഗുജ്റാൾ, പതിനാറാം ധനകാര്യ കമീഷൻ ചെയർമാൻ അരവിന്ദ് പനഗരിയ തുടങ്ങി നിരവധി പ്രമുഖർ പട്ടികയിലുള്ളവരിൽപ്പെടും.
നോട്ടീസ് ലഭിക്കുന്ന വോട്ടർമാർ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസ് അറിയിച്ചു. നീതിപീഠത്തിലെ അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക-മാധ്യമ-കായിക രംഗത്തെ പ്രമുഖർ എന്നിവരുടെ പേരുകൾ ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി കരട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മെയ് 14-ന് കമീഷൻ പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

