Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലിനീകരണ നിയന്ത്രണം: ഡൽഹി അതിർത്തിയിൽ പരിശോധന ശക്തം, വാഹനങ്ങൾ തിരിച്ചയച്ചു, 68.4 ലക്ഷം പിഴ ചുമത്തി

text_fields
bookmark_border
മലിനീകരണ നിയന്ത്രണം: ഡൽഹി അതിർത്തിയിൽ പരിശോധന ശക്തം, വാഹനങ്ങൾ തിരിച്ചയച്ചു, 68.4 ലക്ഷം പിഴ ചുമത്തി
cancel

ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ പ്രഖ്യാപിച്ച വാഹന നിരോധനവും നിയന്ത്രണവും ലംഘിച്ചതിന് ആദ്യദിനം 68.4 ലക്ഷം രൂപയുടെ പിഴ ചുമത്തി. വാഹന പരിശോധനയിൽ പിഴയായും പാരിസ്ഥിതിക നഷ്ടപരിഹാരമായും ഈടാക്കിയ തുകയാണിത്. നിയന്ത്രണത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച 15,000-ത്തിൽ അധികം വാഹനങ്ങളെയാണ് പരിശോധിച്ചത്. ന്യൂഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ ബി.എസ്-6 മലിനീകരണ നിയന്ത്രണം പാലിക്കാത്ത 1539 വാഹനങ്ങളെ തിരിച്ച് അയച്ചതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത 566 വാഹനങ്ങൾക്കാണ് അധികൃതർ പിഴയിട്ടത്. പുറത്തുവിട്ട വിവരം അനുസരിച്ച് പുക മലിനീകരണ മാനദണ്ഡം ലംഘിച്ചതിന് 56.6 ലക്ഷം രൂപയും പ്രവേശന നിയന്ത്രണം ലംഘിച്ചതിന് രണ്ട് ലക്ഷം രൂപയും പാരിസ്ഥിതിക നഷ്ടപരിഹാരമായി 9.8 ലക്ഷം രൂപയുമാണ് പിഴയായി ഈടാക്കിയത്. ഡൽഹിക്ക് പുറത്തുനിന്നുള്ള ബി.എസ്-6 നിലവാരത്തിന് താഴെയുള്ള വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയുന്നതിനായി ഡൽഹി പൊലീസും ഗതാഗത വകുപ്പും ചേർന്ന് 14,930 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ ഏകദേശം 10.31 ശതമാനം വാഹനങ്ങളാണ് അതിർത്തിയിൽ നിന്ന് തിരിച്ചയച്ചത്. നിർദേശങ്ങൾ ലംഘിച്ച 62 വാഹനങ്ങൾ ട്രാഫിക് പൊലീസ് എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുക്കുകയും ചെയ്തു.

അതിർത്തിയിൽ നിന്ന് തിരിച്ചയച്ചതിൽ 140 ലൈറ്റ് മോട്ടോർ വാഹനങ്ങളും 54 ലൈറ്റ് വാണിജ്യ വാഹനങ്ങളും 95 ഹെവി ഗുഡ്‌സ് വാഹനങ്ങളും 34 ബസുകളുമാണുള്ളത്. 1423 ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ പരിശോധിച്ചതിൽ 789 എണ്ണം തിരിച്ച് അയക്കുകയും 38 എണ്ണം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, സി.എൻ.ജി, ഇലക്ട്രിക്, അവശ്യ സർവിസുകൾക്കായി ഓടുന്ന വാഹനങ്ങൾക്ക് ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്. ബി.എസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ശീതകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായായിരുന്നു ഈ വിലക്ക്.

നിയന്ത്രണങ്ങളുടെ ഭാഗമായി പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നും സർക്കാർ പെട്രോൾ പമ്പ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം, കനത്ത പിഴ ചുമത്തുകയും അതിർത്തി മേഖലയിൽ നിന്ന് തിരിച്ചയക്കുകയും ചെയ്യുമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Tightens Pollution Checks Vehicles Turned Back 68.4 Lakh Fine Imposed
Next Story