‘തുണികെട്ടി മറച്ചാൽ ദാരിദ്ര്യം ഇല്ലാതാവുമോ?’: ബ്രിക്സ് ഉച്ചകോടിക്കിടെ ഡൽഹിയിലെ ചേരികൾ മറച്ചതായി ആരോപണം
text_fieldsന്യൂഡൽഹി: തലസ്ഥാനത്ത് ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനിടെ ഡൽഹിയിലെ ചേരി പ്രദേശങ്ങൾ തുണികെട്ടി മറച്ചതായി ആരോപണം. വിദേശ നേതാക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ച് ഉൾപ്പെടെയുള്ള മേഖലകളിലെ ചേരികളാണ് തുണിയും പാനലുകളും ഉപയോഗിച്ച് കെട്ടിമറച്ചിരിക്കുന്നത്. രാജ്യത്തെ യഥാർഥ സാമൂഹിക പിന്നാക്കാവസ്ഥ മറച്ചുവെക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
സംഭവത്തിൽ കേന്ദ്ര സർക്കാറിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാർട്ടൂൺ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. "ചേരികൾ തുണി ഉപയോഗിച്ച് മറച്ചതുകൊണ്ട് യാഥാർഥ്യം മാറില്ല; 2.6 ശതമാനം ജി.ഡി.പി വളർച്ചയെ 7.8 ശതമാനം എന്ന് അവകാശപ്പെടുന്നതുപോലെയാണിത്" എന്ന കുറിപ്പോടെയാണ് എ.എ.പി കാർട്ടൂൺ പങ്കുവെച്ചത്. ഉച്ചകോടിയുടെ ഭാഗമായി രാജ്യ തലസ്ഥാനത്തെത്തുന്ന ലോകനേതാക്കളുടെ കണ്ണിൽപ്പെടാതെ ചേരികളെ മറച്ചുപിടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് എ.എ.പി ആരോപിച്ചു.
വസന്ത് കുഞ്ചിലെ ചേരിപ്രദേശങ്ങൾക്ക് പുറമെ ഡൽഹിയിലെ മറ്റ് പല മേഖലകളിലും സമാനമായ രീതിയിൽ കൂറ്റൻ തുണികളും സ്ക്രീനുകളും ഉപയോഗിച്ച് ചേരികൾ മറച്ചിട്ടുണ്ടെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര തലത്തിൽ തലസ്ഥാനത്തിന്റെ മുഖം മിനുക്കാനെന്ന പേരിലാണ് ഈ നടപടിയെങ്കിലും, തങ്ങളുടെ ദൈനംദിന ജീവിതവും ഉപജീവനമാർഗങ്ങളും ഇതോടെ തടസ്സപ്പെട്ടതായി ചേരി നിവാസികൾ പരാതിപ്പെടുന്നു. ദിവസക്കൂലിക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ഈ തുണിമറകൾക്ക് പിന്നിൽ ദുരിതത്തിലായിരിക്കുന്നത്.
നേരത്തെ 2023-ലെ ജി20 ഉച്ചകോടിയുടെ സമയത്തും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ച വേളയിലും സമാനമായ രീതിയിൽ ചേരി പ്രദേശങ്ങൾ മറച്ചുവെച്ചത് വലിയ വിവാദമായിരുന്നു. വിദേശ പ്രതിനിധികൾ സഞ്ചരിക്കുന്ന വഴികളിലെല്ലാം പതാകകളും സ്വാഗത ബോർഡുകളും സ്ഥാപിച്ച് നഗരം മനോഹരമാക്കുമ്പോൾ, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെ കാഴ്ചയിൽനിന്ന് അകറ്റുകയാണ് അധികൃതർ ചെയ്യുന്നതെന്ന് സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യവും മോശം ജീവിതസാഹചര്യങ്ങളും തിരിച്ചറിഞ്ഞ് അത് പരിഹരിക്കേണ്ടതിന് പകരം കാഴ്ചകളിൽ നിന്ന് മറച്ചുപിടിക്കുന്നത് ജനാധിപത്യ ഭരണകൂടങ്ങൾക്ക് ചേർന്നതല്ലെന്ന വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

