ഡൽഹി എസ്.ഐ.ആർ: ഒഴിവാക്കിയവരെ തിരിച്ചെടുക്കാൻ പുനഃപരിശോധന
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടവരെ തിരിച്ചെടുക്കാനുള്ള പുനഃപ്പരിശോധനാ പ്രക്രിയക്ക് തുടക്കം. യോഗ്യതയുള്ള ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അശോക് കുമാർ പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ 47 ലക്ഷത്തിലധികം വോട്ടർമാരാണ് പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടത്. ജീവിച്ചിരിക്കുന്ന പലരെയും മരിച്ചവരുടെ പട്ടികയിൽ പെടുത്തി ഒഴിവാക്കിയെന്ന ആരോപണം ഉൾപ്പെടെ നിരവധി പരാതികളാണ് ഓഗസ്റ്റ് 31 ന് കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഉയർന്നത്.
പൊരുത്തക്കേടുകൾ കണ്ടെത്തിയതിന് നോട്ടീസ് അയച്ച 33.12 ലക്ഷം പേരിൽ 25 ലക്ഷം പേരുടെയും കേസുകൾ പരിഹരിക്കപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താലേഖകരോട് പറഞ്ഞു. അന്തിമ പട്ടിക ഡിസംബർ നാലിന് പ്രസിദ്ധീകരിക്കുമെന്നും യോഗ്യതയുള്ള ഒരാൾ പോലും വിട്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ബി.എൽ.ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലും വോട്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്നുണ്ട്. വോട്ടർമാർക്ക് ഫോം സിക്സ് പൂരിപ്പിച്ച് നൽകി പട്ടികയിൽ ഇടം നേടാം.
മണ്ഡല പുനർനിർണയ ബിൽ അടിച്ചേൽപിക്കരുത്; സർവകക്ഷി യോഗം വിളിക്കണം -ഖാർഗെ
ന്യൂഡൽഹി: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഭരണഘടന ഭേദഗതി ബിൽ പാർലമെന്റിൽ ബലമായി പാസാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതമായി പിരിഞ്ഞതായി പ്രഖ്യാപിക്കുന്നതിലെ കാലതാമസവും ഖാർഗെ ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 13ന് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് 64 ദിവസം പിന്നിട്ടിട്ടും ലോക്സഭയുടെയും രാജ്യസഭയുടെയും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം അസാധാരണമാണ്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനുമുമ്പ് സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 11ന് തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, അത് അവഗണിക്കുകയായിരുന്നു. ഇപ്പോൾ നാലാംതവണയാണ് ഇതേ ആവശ്യം ഉന്നയിക്കുന്നത്. പാർലമെന്റിന്റെ പരിഗണനക്കായി അന്തിമരൂപം നൽകുന്നതിനുമുമ്പ് പുതിയ നിർദേശങ്ങളിൽ വിശദചർച്ച നടത്തണം. ഓരോ രാഷ്ട്രീയ പാർട്ടിക്കും സ്വന്തം നിലയിലും മറ്റ് പാർട്ടികളുമായും കൂടിയാലോചന നടത്താൻ മതിയായ സമയം അനുവദിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

