Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിപ്കെയെ മുത്തശ്ശിയുടെ വിയോഗവിവരം അറിയിച്ചതിന്‍റെ വിഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

text_fields
bookmark_border
DELHI POLICE
cancel
camera_alt

ഡൽഹി പൊലീസ് പുറത്ത് വിച്ച ദൃശ്യങ്ങളിൽ നിന്ന്

ന്യൂഡൽഹി: കസ്റ്റഡിയിലുള്ള കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയെ മുത്തശ്ശിയുടെ മരണവിവരം അറിയിച്ചില്ലെന്ന ആരോപണം തള്ളി ഡൽഹി പൊലീസ് പ്രസ് മീറ്റിൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. ശനിയാഴ്ച കസ്റ്റഡിയിലായിരുന്ന ദിപ്കെയെ തികച്ചും മാനുഷിക പരിഗണനയോടെയാണ് വിവരം ധരിപ്പിച്ചതെന്നും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ജന്മനാട്ടിലേക്ക് പോകാൻ യാത്രാസൗകര്യം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണുണ്ടായതെന്നും പൊലീസ് മാധ‍്യമങ്ങളോട് പറഞ്ഞു.


മരണവിവരം പൊലീസുകാർ ദിപ്കെയെ അറിയിച്ചിട്ടില്ലെന്ന് അമ്മയും പാർട്ടിയും ആരോപിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നൽകിയത്. മുത്തശ്ശിയുടെ വിയോഗവിവരം കൃത്യസമയത്ത് തന്നെ ദിപ്കെയെ അറിയിച്ചിരുന്നുവെന്നും കുടുംബവുമായി സംസാരിക്കാൻ സൗകര്യമൊരുക്കി നൽകിയിരുന്നുവെന്നും ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് (പി.ആർ.ഒ) നേഹ യാദവ് അറിയിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്ന ദിപ്കെയുടെ മുത്തശ്ശി ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അന്തരിച്ചത്.

അതേസമയം, വിയോഗവിവരം അറിയിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥർ ക്യാമറയും മൈക്കുമായി നിന്ന് ഇതൊരു നാടകമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സി.ജെ.പി നേതാവ് അശുതോഷ് റാങ്ക കുറ്റപ്പെടുത്തി. സംഭവത്തിൽ ഡൽഹി പൊലീസിന്റേത് ക്രൂരവും മനുഷ്യത്വമില്ലാത്തതുമായ പെരുമാറ്റമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ മുൻകരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം ഞായറാഴ്ച രാവിലെയോടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയച്ചു. അടുത്ത ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കരുത് എന്ന വ്യവസ്ഥയിലാണ് ഇവരെ മോചിപ്പിച്ചതെന്ന് സി.ജെ.പി ലീഗൽ അഫയേഴ്സ് മേധാവി രത്ന സിങ് വ്യക്തമാക്കി. പ്രമുഖ നേതാക്കളുടെ മോചനം തങ്ങളുടെ വലിയ നിയമപോരാട്ടത്തിന്റെ വിജയമാണെന്നും പാർട്ടി പ്രസ്താവനയിലൂടെ പ്രതികരിച്ചു.

ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് മോചിതനായതിന് തൊട്ടുപിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. ശനിയാഴ്ച മുത്തശ്ശി അന്തരിച്ചതിനെ തുടർന്നാണ് ദുഃഖസൂചകമായി കുടുംബത്തോടൊപ്പം ചേരാൻ അഭിജിത് യാത്ര തിരിച്ചത്. പ്രക്ഷോഭങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരം തുടരുമെന്നും ദിപ്കെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന പ്രക്ഷോഭത്തിന് തൊട്ടുമുമ്പാണ് അഭിജിത് ദിപ്കെ, സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് ഇരുവരെയും ഒരു വർഷത്തേക്ക് 'സമാധാനം ലംഘിക്കില്ല' എന്ന വ്യവസ്ഥയിൽ മോചിപ്പിച്ചത്. സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തിയ യൂട്യൂബർ ധ്രുവ് റാഠിയെയും ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു.

മോചനത്തിന് ശേഷം സാമൂഹിക മാധ്യമമായ 'എക്‌സി'ലൂടെയാണ് അഭിജിത് ദിപ്കെ നിലപാട് വ്യക്തമാക്കിയത്. "കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ ഞാൻ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്. സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷും ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും. സി.ജെ.പി ഭയപ്പെടുകയോ പിന്നോട്ട് പോവുകയോ ഇല്ല. ഭയത്തിന് വഴങ്ങില്ല" - ദിപ്കെ കുറിച്ചു.

പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് സമാധാനപരമായി ഒത്തുകൂടുന്നവരെ നിയമവിരുദ്ധമായി തടങ്കലിലാക്കരുതെന്നും മെട്രോ-ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്നും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Police Release Video Informing Abhijeet Dipke of Grandmother's Death | CJP
Next Story