റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയൊരുക്കി ഡല്‍ഹി
text_fieldsറിപ്പബ്ലിക് ദിനം പ്രമാണിച്ച് കനത്ത സുരക്ഷയൊരുക്കി ഡല്‍ഹി. ഡ്രോണുകൾ, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. തീവ്രവാദികള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം 18 മുതല്‍ ഫെബ്രുവരി 15 വരെ ഉത്തരവ് പ്രാബല്യത്തില്‍ തുടരും.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്ഫോമുകള്‍ പറത്തുന്നത് ഡല്‍ഹി പൊലീസ് നിരോധിച്ചു. ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് ഡൽഹിയിലും മെട്രോയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സ്റ്റേഷനുകളിലുടനീളം സിഐഎസ്എഫിന്റെ പരിശോധനകൾ ഇന്ന് മുതൽ വർധിപ്പിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും സുരക്ഷാ പരിശോധനകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.20നും ഉച്ചയ്ക്ക് 12.45നും ഇടയിൽ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഈ സമയം വിമാനത്താവളത്തിലേക്ക് വിമാനം എത്തുകയോ പുറപ്പെടുകയോ ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഇന്ത്യൻ എയർഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് , ഇന്ത്യൻ ആർമി ഹെലികോപ്റ്റർ ഓപ്പറേഷനുകൾ, കൂടാതെ സംസ്ഥാനത്തിന്റെ ഗവർണർ അല്ലെങ്കിൽ മുഖ്യമന്ത്രിമാർ എന്നിവർക്ക് വേണ്ടിയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ,ഹെലികോപ്റ്ററുകൾ എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥി. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവൽ മാക്രോൺ. മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് 1976ലും 1998ലും രണ്ട് തവണ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡില്‍ പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങള്‍ പങ്കെടുക്കും. നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ അഗ്‌നിവീര്‍ സൈനികരും ഈ സംഘത്തില്‍ ഉള്‍പ്പെടും. ഒട്ടനവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

