Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘യൂണിഫോം വാങ്ങി വിതരണം ചെയ്യുന്നതിന് പകരം പണം നൽകുന്നത് തെറ്റെന്ന് പറയാനാകില്ല’; ഡൽഹി സർക്കാറിന്റെ നടപടി ശരിവെച്ച് ഹൈകോടതി

text_fields
bookmark_border
delhi high court
cancel
camera_alt

പ്രതാകാത്മക ചിത്രം

ന്യൂഡൽഹി: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് യൂണിഫോമിന് പകരം പണം നൽകുന്ന ഡൽഹി സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹരജി തള്ളി ഡൽഹി ഹൈക്കോടതി. സ്വകാര്യ സ്കൂളുകളിലെ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം), പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് യൂണിഫോം നേരിട്ട് നൽകാതെ പണം നൽകുന്ന രീതി ചോദ്യം ചെയ്താണ് ഹരജി. എന്നാൽ സർക്കാരിന്റെ നയത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഫോർ ഓൾ എന്ന സന്നദ്ധ സംഘടന നൽകിയ പുനഃപരിശോധനാ ഹരജിയാണ് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, രേണു ഭട്നാഗർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. 2023 ജനുവരിയിൽ ഇതേ വിഷയത്തിൽ കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എയ്ഡഡ്, അൺ എയ്ഡഡ് സ്വകാര്യ സ്കൂളുകളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അർഹരായ കുട്ടികൾക്ക് യൂണിഫോം നേരിട്ട് നൽകണമെന്നും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന രീതി നിയമത്തിന് വിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.

എന്നാൽ ഇത് കേസ് വീണ്ടും തുറക്കാനുള്ള ശ്രമമാണെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബർ 12ലെ ഉത്തരവിലാണ് ഈ പരാമർശം. ഒരു സർക്കാർ നയം കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കും വിധം ഏകപക്ഷീയമോ യുക്തിരഹിതമോ ആണെങ്കിൽ മാത്രമേ അതിൽ ഇടപെടുകയുള്ളൂവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. യൂണിഫോം വാങ്ങി വിതരണം ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പണം നൽകാൻ എടുത്ത തീരുമാനത്തെ പൂർണമായും തെറ്റെന്നോ ഏകപക്ഷീയമെന്നോ പറയാനാകില്ലെന്നും കോടതി പറഞ്ഞു.

ഡൽഹി സർക്കാർ ഹാജരാക്കിയ രേഖകളും 2025 ജൂൺ 10ന് കൊണ്ടുവന്ന പുതിയ നയവും മന്ത്രിസഭക്ക് മുന്നിൽ വെച്ച കുറിപ്പും പരിശോധിച്ച ശേഷമാണ് കോടതി തീരുമാനമെടുത്തത്. നയം നിയമത്തിന് വിരുദ്ധമല്ലെന്നും കോടതി വിലയിരുത്തി. ഓരോ കുട്ടിക്കും പ്രത്യേകം യൂണിഫോം തയ്യാറാക്കി നൽകുന്നത് പ്രായോഗികമല്ലെന്നും കുട്ടികളുടെ അക്കൗണ്ടിലേക്ക് തുക നൽകുന്നതാണ് കൂടുതൽ എളുപ്പമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. 2023 ജനുവരി 23ന് ഈ നയം കോടതി ശരിവെച്ചിരുന്നു. ആ വിധിക്കെതിരെയാണ് സംഘടന പുനഃപരിശോധനാ ഹരജി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Court Upholds Cash
Next Story