ബലാത്സംഗശ്രമം പുറത്തുപറയാതിരിക്കാൻ മാതൃസഹോദരനും ഭാര്യയും 17കാരിയെ കൊലപ്പെടുത്തി
text_fieldsന്യൂഡൽഹി: ബലാത്സംഗ ശ്രമം പുറത്തുപറയാതിരിക്കാൻ മാതൃസഹോദരനും ഭാര്യയും ചേർന്ന് 17കാരിയെ കൊലപ്പെടുത്തി. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ദാരുണ സംഭവം. 17കാരിയെ കൊലപ്പെടുത്തി കിടക്കയുടെ പെട്ടിക്കുള്ളിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡൽഹിയിലെ നന്ദഗിരി പ്രദേശത്ത് താമസിക്കുന്ന മാതൃസഹോദരൻ 51 കാരനായ വക്കീൽ പോഡറിനും 45കാരിയായ ഭാര്യക്കുമൊപ്പമായിരുന്നു 17കാരിയുടെ താമസം. അവിടെനിന്നായിരുന്നു പെൺകുട്ടിയുടെ പഠനം. ഒക്ടോബർ 23 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ഭാര്യ ഒക്ടോബർ 23ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നുവെന്നും ഭർത്താവ് പെൺകുട്ടിയെ ഉത്തർപ്രദേശ് ഗാസിയബാദിലെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് പറഞ്ഞതായും പൊലീസ് പറഞ്ഞു. എന്നാൽ ഒക്ടോബർ 23ന് ആ പേരിൽ ഒരു പെൺകുട്ടി അനാഥാലയത്തിൽ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ വക്കീൽ പോഡറിനെ കാണാതായി. ഇതോടെ പെൺകുട്ടിയുടെ തിരോധാനവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബിഹാറിലെ ഒരു ബസ് സ്റ്റാൻഡിൽനിന്ന് ഇയാെള പിന്നീട് പൊലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യൽ മരുമകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും പെൺകുട്ടി എതിർത്തെന്നും ഇയാൾ മൊഴി നൽകി. ഭാര്യ ഇക്കാര്യം അറിഞ്ഞതോടെ വഴക്കുണ്ടാക്കുകയും പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കാതെ തിരിച്ചുപോകിെല്ലന്നും ബലാത്സംഗശ്രമം പുറത്തുപറയുമെന്നും പെൺകുട്ടി അറിയിച്ചു. ഇതോടെ വീട്ടിൽ മൂവരും തമ്മിൽ വഴക്ക് പതിവാകുകയും ഭാര്യ പെൺകുട്ടിയെ കൊലപ്പെടുത്താൻ പോഡറിനോട് ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി. വീടിന് പുറത്ത് ഭാര്യ കാവൽ നിൽക്കുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽനിന്ന് രക്തം ഒഴുകിയതോടെ പുതപ്പിൽ പൊതിഞ്ഞശേഷം കിടക്കയുടെ പെട്ടിയിലാക്കുകയായിരുന്നു. തുടർന്ന് ഇരുമ്പുദണ്ഡും മുറിയും കഴുകി വൃത്തിയാക്കി. പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ലെന്നും ഇരുവരും പറഞ്ഞതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

