വിഷപ്പുകയിൽ മുങ്ങി ഡൽഹി; 170 വിമാനങ്ങൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിൽ അന്തരീക്ഷ വായു മലിനീകരണ സ്ഥിതി കൂടുതൽ വഷളാക്കി കനത്ത മൂടൽ മഞ്ഞും. തിങ്കളാഴ്ച രാവിലെ ഡൽഹി നഗരത്തെ ആവരണം ചെയ്ത കനത്ത മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച പരിധി കുറഞ്ഞതോടെ 170 വിമാനങ്ങളാണ് റദ്ദാക്കിയത്. നൂറോളം വിമാനം വൈകുകയും ചിലത് മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. ത്രിരാഷ്‍ട്ര പര്യടനത്തിന് പോകാനുള്ള പ്രധാനമന്ത്രിയുടെ വിമാനവും ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. മുംബൈയിൽ നിന്ന് ഡൽഹിക്കുള്ള ലയണൽ മെസ്സിയുടെ യാത്രയും വൈകി.
ഇതേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന മെസ്സിയുടെ കൂടിക്കാഴ്ച നടന്നില്ല. വിഷപ്പുകക്കൊപ്പം മൂടൽ മഞ്ഞും കനത്തതോടെ, ഡൽഹിയിലെ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായു ഗുണനിലവാരം (എ.ക്യു.ഐ) നിരീക്ഷിക്കുന്ന 40 സ്റ്റേഷനുകളിൽ 38 ലും സൂചിക ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. സൂചിക 400 നും 500 നും ഇടയിൽ വരുന്നതാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച പ്രകാരം കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന ഗുരുതര വിഭാഗം.വായു മലിനീകരണം കടുത്തതോടെ, കോടതി നടപടികൾക്കായി വിഡിയോ കോൺഫറൻസ് സൗകര്യം പ്രയോജനപ്പെടുത്താൻ അഭിഭാഷകരോട് സുപ്രീംകോടതിയും ഡൽഹി ഹൈകോടതിയും അഭ്യർഥിച്ചു.
ഡൽഹിയിലെയും എൻ.സി.ആർ മേഖലയിലെയും സ്‍കൂളുകളിൽ കോടതി ഉത്തരവ് മറികടന്ന് കായിക മത്സരങ്ങൾ നടക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക അപരാജിത സിങ് സുപ്രീംകോടതിയെ അറിയിച്ചു. വായുമലിനീകരണം രൂക്ഷമാകുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ കായിക മത്സരങ്ങൾ നിർത്തിവെക്കണമെന്നായിരുന്നു ഉത്തരവ്. കോടതി വിലക്കിയ കാര്യം ഇപ്പോഴും നടക്കുകയാണെന്ന് അഭിഭാഷക ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ കമീഷനും ഈ നിർദേശം നൽകിയിട്ടുള്ളതാണെന്ന് അവർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഈ വിഷയം ബുധനാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

