ഏറ്റവും കൂടുതൽ മാലിന്യം ഡൽഹിയിൽ ; മുൻനിരയിൽ മഹാരാഷ്ട്രയും യു.പിയും
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ മാലിന്യം പുറംതള്ളുന്നത് ഡൽഹിയിലാണെന്ന് റിപ്പോർട്ട്. ഖരമാലിന്യത്തിന്‍റെ കാര്യത്തിൽ ആറാമതും മലിനജലം പുറന്തള്ളുന്നതിൽ ഒമ്പതാമതുമാണ് ഡൽഹിയുടെ സ്ഥാനം. ഗാസിപൂർ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തന്നെ പ്രതിദിനം 3,000 മെട്രിക് ടൺ മാലിന്യമാണ് തള്ളുന്നത്.
ഇന്ത്യയിൽ 2015-16ൽ ഉണ്ടായിരുന്ന അതേ അവസ്ഥയിൽ തന്നെയാണ് 2020-21ലും ഖരമാലിന്യം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) കണക്കുകൾ പ്രകാരം2016-17ലെ പ്രതിദിന വ്യക്തിഗത ഖരമാലിന്യതോത് 132.78 ഗ്രാമാണ് .
2020-21 ലെ സി.പി.സി.ബി ഡാറ്റ അനുസരിച്ച് 160,038.9 ടൺ ഖരമാലിന്യമാണ് പ്രതിദിനം ഉണ്ടാകുന്നത്. 95 ശതമാനത്തിലധികം മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും അതിന്‍റെ പകുതി മാത്രമേ സംസ്കരിക്കുന്നുള്ളൂ.
മഹാരാഷ്ട്ര (പ്രതിദിനം 22,632.71 ടൺ), ഉത്തർപ്രദേശ് (14,710 ടി.പി.ഡി), പശ്ചിമ ബംഗാൾ (13,709 ടി.പി.ഡി) സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഖരമാലിന്യം ഉണ്ടാക്കുന്നത്. എന്നാൽ മാലിന്യത്തിന്റെ മൂന്നിൽ രണ്ടും മഹാരാഷ്ട്ര സംസ്കരിക്കുമ്പോൾ ബംഗാളിൽ ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.
പ്രതിദിനം 72,368 ദശലക്ഷം ലിറ്റർ മലിനജലം ഇന്ത്യയിൽ ഉണ്ടാകുന്നത്. എന്നാൽ ശുദ്ധീകരണ ശേഷി 50 ശതമാനം മാത്രമാണ്. മഹാരാഷ്ട്ര (പ്രതിദിനം 9,107 ദശലക്ഷം ലിറ്റർ), ഉത്തർപ്രദേശ് (8,263 എം.എൽ.ഡി), തമിഴ്നാട് (6,421 എം.എൽ.ഡി) സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മലിനജലം പുറംതള്ളുന്നവർ.
അതേസമയം,ഡൽഹി എം.സി.ഡി തിരഞ്ഞെടുപ്പിന് മുമ്പ് തലസ്ഥാനത്ത് മാലിന്യത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്. ഗാസിപൂർ മാലിന്യനിക്ഷേപ സ്ഥലത്ത് ബി.ജെ.പിയും എ.എ.പി പ്രവർത്തകരും ഏറ്റുമുട്ടി. ഗാസിപൂരിലെ മാലിന്യ മല താജ്മഹലിന്‍റെ ഉയരത്തിൽ എത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ പരാജയപ്പെട്ടുവെന്ന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

