മൂന്നാമൂഴം; ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും, പ്രായപരിധിയിൽ ഇളവ്
text_fieldsചണ്ഡിഗഢിൽ സി.പി.ഐ പാർട്ടി കോൺഗ്രസിനിടെ ജനറൽ സെക്രട്ടറി ഡി.രാജ, ഭാര്യ ആനി രാജക്കും മകൾ അപരാജിതക്കുമൊപ്പം
ന്യൂഡൽഹി: സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ വീണ്ടും തിരഞ്ഞെടുത്തു. പ്രായപരിധിയില്‍ കേരളഘടകം നിലപാട് മയപ്പെടുത്തിയതോടെയാണ് രാജക്ക് മൂന്നാമൂഴത്തിന് വഴി തുറന്നത്. 75 വയസ്സ് പ്രായപരിധി മാനദണ്ഡത്തിൽ രാജക്ക് മാത്രമാണ് ഇളവ്. ചണ്ഡിഗഢിൽ സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ സമാപന ദിനമായ വ്യാഴാഴ്ചയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ദേശീയ കൗണ്‍സിലിൽ വോട്ടെടുപ്പില്ലാതെയായിരുന്നു രാജയെ തെരഞ്ഞെടുത്തത്. ദേശീയ സെക്രേട്ടറിയറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ. പ്രകാശ് ബാബുവും രാജ്യസഭ എം.പി പി. സന്തോഷ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ സെക്രേട്ടറിയറ്റില്‍ നിന്ന് ബിനോയ് വിശ്വം സ്വയം ഒഴിഞ്ഞു. കേരളത്തില്‍ നിന്ന് 14 പേര് ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും.
ബിനോയ് വിശ്വം, കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാര്‍, കെ.പി. രാജേന്ദ്രന്, പി.പി. സുനീര്‍, കെ. രാജന്, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്. അനില്‍, രാജാജി മാത്യൂസ്, ചിറ്റയം ഗോപകുമാര്‍, ടി.ജെ. ആഞ്ചലോസ്, പി. വസന്തം, ഗോവിന്ദന് പള്ളിക്കാപ്പില്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവർ.
ദേശീയ എക്സിക്യൂട്ടിവില്‍ കേരളത്തില്‍നിന്നും കെ.പി. രാജേന്ദ്രന്, ബിനോയ് വിശ്വം, കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി. സത്യന് മൊകേരി കണ്ട്രോള് കമീഷന് അംഗമാകും.
കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തുന്ന ആദ്യ ദലിത് നേതാവാണ് ഡി. രാജ. തമിഴ്നാട് വെല്ലൂർ ജില്ലയിലെ ചിത്താത്ത് ഗ്രാമത്തിൽ ദുരൈ സാമി - നായകം ദമ്പതികളുടെ മകനായാണു ജനിച്ചത്. 2019 മുതൽ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്ഡി അനാരോഗ്യത്തെ തുടർന്ന് ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞതോടെയാണ് രാജ ആദ്യമായി ആ സ്ഥാനത്തെത്തിയത്.
2022 ലെ വിജയവാഡ പാർട്ടി കോൺഗ്രസിലും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മഹിള ഫെഡറേഷന് ജനറല്‍ സെക്രട്ടറിയും മലയാളിയുമായ ആനി രാജയാണ് ഭാര്യ. അപരാജിത ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

