സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടർന്നേക്കും
text_fieldsഡി.രാജ
ന്യൂഡൽഹി: പ്രായപരിധിയിൽ കേരളം കർശന നിലപാട് സ്വീകരിക്കുന്നതിനിടെ ജന. സെക്രട്ടറി സ്ഥാനത്ത് ഡി. രാജയെ തുടരാൻ അനുവദിക്കുന്നതിൽ ചണ്ഡീഗഢിൽ നടക്കുന്ന സി.പി.ഐ പാർട്ടി കോൺഗ്രസിൽ തീവ്ര ശ്രമം. പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയ 75 വയസ്സ് പ്രായപരിധി മാനദന്ധത്തിൽ ആർക്കും ഒരു ഇളവും വേണ്ടെന്നാണ് കേരള ഘടകത്തിന്റ നിലപാട്. എന്നാൽ, പ്രായപരിധി പാലിക്കണമെന്ന വാദം ഉയർത്തുന്ന ചില സംസ്ഥാനങ്ങൾ ഡി. രാജ തുടരുന്നതിൽ വിയോജിപ്പില്ലെന്ന് അറിയിച്ചു. ഇതോടെ രാജയെ പിന്തുണക്കുന്നവർ കേരളത്തിൽനിന്നുള്ള പ്രതിനിധികളുമായി സംസാരിച്ചു. ബുധനാഴ്ച രാത്രി വൈകി ആരംഭിച്ച നാഷനൽ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തുകയും പാർട്ടി കോൺഗ്രസിന്റെ സമാപന ദിനമായ വ്യാഴാഴ്ച പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യും. ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ വോട്ടെടുപ്പിലേക്ക് പോകില്ലെന്ന് കേരളത്തിലെ നേതാക്കളും വ്യക്തമാക്കി.
രാജക്ക് പിൻഗാമിയായി പഞ്ചാബിൽനിന്നുള്ള വനിത നേതാവ് അമർജീത് കൗറിനാണ് കൂടുതൽ പിന്തുണ. രാജക്ക് വീണ്ടും അവസരം ലഭിച്ചാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിത എത്താനുള്ള സാധ്യത അടയും. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെന്ന പുതിയ പദവി സൃഷ്ടിച്ച് അമർജീത് കൗറിന് നൽകാനുള്ള ചർച്ചയും സജീവമാണ്.
അതേസമയം, രാഷ്ട്രീയ പ്രമേയത്തിനും രാഷ്ട്രീയ അവലോകന, സംഘടന റിപ്പോര്‍ട്ടുകള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം. കമീഷന് ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ രേഖകള്‍ വീണ്ടും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ള കരട് റിപ്പോര്‍ട്ടുകള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയതോടെ രാഷ്ട്രീയ പ്രമേയം, സംഘടന, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടുകള്‍ എന്നിവ പാര്‍ട്ടിയുടെ ഔദ്യോഗിക രേഖയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

