കമാൻഡറെ വധിക്കുമെന്ന് ഭീഷണി; സി.ആർ.പി.എഫ് ജവാനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സാമൂഹിക മാധ്യമത്തിലൂടെ കമാൻഡറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജവാനെ സെൻട്രൽ റിസർവ് പൊലിസ് ഫോഴ്സ് (സി.ആർ.പി.എഫ്) സർവിസിൽനിന്ന് പിരിച്ചുവിട്ടു. അസം സ്വദേശിയായ പ്രൊബേഷണറി കോൺസ്റ്റബിൾ പിനാക് നാഥിനെയാണ് വെള്ളിയാഴ്ച സർവിസിൽനിന്ന് നീക്കിയത്.
ജമ്മു കശ്മീരിലെ ദോഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ആർ.പി.എഫിന്റെ 33-ാം ബറ്റാലിയനിലെ ആൽഫ കമ്പനിയിലാണ് പിനാക് നാഥ് സേവനമനുഷ്ഠിച്ചിരുന്നത്.
അടുത്തിടെയാണ് ഇയാൾ സേനയിൽ ചേർന്നത്. സമൂഹ മാധ്യമത്തിലൂടെ കമാൻഡറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തതായാണ് അധികൃതർ അറിയിച്ചത്. ഒരു സേനാംഗം തന്നെ മേലുദ്യോഗസ്ഥനെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ സംഭവം സേനാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ബറ്റാലിയൻ കമാൻഡിങ് ഓഫിസർ അന്വേഷണം നടത്തി ഭീഷണി സന്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ജവാനെതിരായ നടപടിയിലേക്ക് അധികൃതർ കടന്നത്. അന്വേഷണത്തിനൊടുവിൽ ഇന്നലെ പിനാക് നാഥിനെ സർവിസിൽനിന്ന് പിരിച്ചുവിടുകയായിരുന്നു.
സേനയിൽ പുതുതായി ചേർന്ന ജവാനാണ് അച്ചടക്കലംഘനത്തിന്റെ പേരിൽ സർവിസ് നഷ്ടമായത്. സി.ആർ.പി.എഫിലെ ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബറ്റാലിയൻ തലത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്.

