'ബറ്റാലിയൻ കമാൻഡർ രാജ്യദ്രോഹി'; വെസ്റ്റ് ബാങ്കിൽ ഐ.ഡി.എഫിനെതിരെ ജൂതന്മാരുടെ പ്രതിഷേധം
text_fieldsജെനിൻ: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന് നേരെ ജൂതരുടെ പ്രതിഷേധം തുടരുന്നു. വെസ്റ്റ് ബാങ്കിലെ ബിന്യമിൻ റീജിയണൽ ബ്രിഗേഡ് സൈനിക കേന്ദ്രത്തിന് മുന്നിൽ ഇന്നലെയും പ്രതിഷേധമുണ്ടായി. 'ബറ്റാലിയൻ കമാൻഡർ വഞ്ചകനാണ്' എന്നതുൾപ്പെടെയുള്ള പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ സൈനിക കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.
ബിന്യമിൻ റീജിയണൽ ബ്രിഗേഡ് കമാൻഡർക്ക് നേരെ കഴിഞ്ഞ ദിവസം കുടിയേറ്റ ജൂതരുടെ ആക്രമണമുണ്ടായിരുന്നു.
നേരത്തെ, ഇസ്രായേൽ സൈന്യത്തിന്റെ വാഹനങ്ങൾ പ്രതിഷേധക്കാർ തീവെച്ച് നശിപ്പിച്ചിരുന്നു. ഫലസ്തീനിയൻ ഗ്രാമമായ കഫർ മാലികിലേക്ക് പൗരൻമാർ പോകുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഐ.ഡി.എഫ് പറയുന്നു.
ആൾക്കൂട്ടത്തെ സമീപിച്ചപ്പോൾ സൈനികരെ ആക്രമിക്കുകയും സുരക്ഷാസേനയുടെ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി മൂന്ന് തവണ ആകാശത്തിലേക്ക് വെടിവെച്ചുവെന്ന് സൈന്യം അറിയിച്ചു. തുടർന്ന് സൈനികർക്ക് നേരെ ആക്രമണം നടത്തിയവരിൽ ആറ് പേരെ പൊലീസിന് കൈമാറിയെന്നും ഇസ്രായേൽ സേന അറിയിച്ചു.
ഇസ്രായേൽസേനയെ ആക്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാവുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇത്തരക്കാർ ഒരു ചെറുന്യൂനപക്ഷമാണെന്നും ഇസ്രായേലിലെ ഭൂരിപക്ഷം ജനങ്ങളേയും അവർ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് നെതന്യാഹു പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

