സിജെപി പ്രതിഷേധത്തിനൊപ്പം സിപിഎം, പിണറായി ഉൾപ്പെടെ പങ്കെടുത്തേക്കും, കേന്ദ്ര കമ്മിറ്റിക്ക് അവധി നൽകി; നിയന്ത്രണങ്ങൾ നീക്കാൻ ബേബി സുപ്രീംകോടതിയിൽ
text_fieldsഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സി.പി.എം. ഡൽഹിയിൽ ഇന്നലെ തുടങ്ങിയ പാർട്ടിയുടെ മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം, സമരത്തിന്റെ ഭാഗമായി ഇന്ന് നിർത്തിവെച്ചിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ സി.ജെ.പിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എല്ലാവരോടും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ ആഹ്വാനം ചെയ്തിരുന്നു.
പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുകയാണ് മറ്റെന്തിനെക്കാളും മുഖ്യമെന്നും പ്രക്ഷോഭം നടക്കുമ്പോൾ അതിൽ പങ്കാളികളാവുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അതിനാലാണ് യോഗം മാറ്റിവെച്ചതെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
അതിനിടെ, ജന്തര്‍മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം തടയാനുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെയും ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ എം.എ. ബേബി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിഷേധസൂചകമായി വിദ്യാർഥി സംഘടനകളും ബഹുജന കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിക്കുന്നതെന്നും ഇതിനായി ഡൽഹി പൊലീസിനെ മുൻകൂട്ടി വിവരമറിയിച്ചിരുന്നതായും സമാധാനപരമായി സമരം നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നതായും പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ഡൽഹിയിലേക്കും ഡൽഹിക്ക് ഉള്ളിലേക്കുമുള്ള ഗതാഗത സംവിധാനങ്ങൾ വിലക്കി കേന്ദ്ര സർക്കാരും ഡൽഹി ഭരണകൂടവും കൈക്കൊണ്ട നടപടികൾ ജനജീവിതം തടയാനും ജനാധിപത്യപരമായ പ്രതിഷേധ അവകാശത്തെ ഇല്ലാതാക്കാനും ലക്ഷ്യംവെക്കുന്നതാണ്. വിഷയത്തിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടലും ഇടക്കാല ഉത്തരവും ആവശ്യപ്പെടുന്നതാണ് ഹർജി.
അതേസമയം, എസ്.എഫ്.ഐയുടെ വൈസ് പ്രസിഡന്റ് സത്യ ഷായെ ഉൾപ്പെടെ ഗുജറാത്തിൽ വീട്ടുതടങ്കലിലാക്കി പൊലീസ് ഭയപ്പെടുത്തുകയാണെന്ന് ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു. എസ്.എഫ്.ഐ ഓഫിസുകൾ പൊ ലീസ് റെയ്ഡ് ചെയ്യുകയാണ്. വലതുതീവ്രവാദസംഘടനകളെ ഇറക്കിയും ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിൽ സർക്കാർ നേരിട്ട് കുഴപ്പങ്ങളുണ്ടാക്കിയതുകൊണ്ടൊന്നും യുവാക്കളെ നിശ്ശബ്ദരാക്കാനാകില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

