വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ടി.വി.കെ; രാഹുൽ ഗാന്ധിയെ പിന്തുണച്ചില്ലെങ്കിൽ രാജി ഉറപ്പെന്ന് കോൺഗ്രസ് മുന്നറിയിപ്പ്
text_fieldsചെന്നൈ: തമിഴ്നാട് രാഷ്ടീയത്തിൽ ഭരണസഖ്യ കക്ഷികളായ തമിഴക വെട്രി കഴകവും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ ടി.വി.കെ തയാറായില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് രാജിവെക്കുമെന്നാണ് സംസ്ഥാന ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ ഉറച്ച പ്രതികരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെയുമായി സഹകരിച്ചാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ സർക്കാരിന്റെ ഭാഗമായത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള തീവ്രശ്രമത്തിലാണ് ടി.വി.കെ നേതാക്കൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പോലും വിജയ്‌യുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, എം.ജി.ആറിനും ജയലളിതക്കും ശേഷം തമിഴ്‌നാടിനെയും ഇന്ത്യയെയും നയിക്കാൻ ശേഷിയുള്ള നേതാവാണ് അദ്ദേഹമെന്നും മുതിർന്ന ടി.വി.കെ നേതാവ് കെ.എ. സെങ്കോട്ടയ്യൻ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ടി.വി.കെയുടെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉയർന്നുവരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണക്കില്ലെന്നും ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും പാർട്ടി തയാറല്ലെന്നും രാജേഷ് കുമാർ വ്യക്തമാക്കി. ടി.വി.കെ നേതാക്കൾ ഇപ്പോഴും രാഷ്ട്രീയ പാർട്ടിയെന്നതിലുപരി ഒരു ‘ഫാൻസ് ക്ലബ്’ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും എം.പിയുമായ ബി. മാണിക്കം ടാഗോറും വിമർശിച്ചു. ഭരണം നടത്തുന്നതിൽ ഇരുപാർട്ടികളും ഒരുമിച്ചുണ്ടെങ്കിലും ഭാവി രാഷ്ട്രീയ നിലപാടുകളിൽ സഖ്യത്തിനുള്ളിൽ വലിയ വിള്ളലുണ്ടാകാൻ ഈ വിഷയം കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

