Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിന്നണിയിൽ തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്ക, 60 ‘എ-ഗ്രേഡ്’ സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്; യുപി സീറ്റ് ചർച്ചക്ക് ഇന്ന് തുടക്കം

text_fields
bookmark_border
പിന്നണിയിൽ തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്ക, 60 ‘എ-ഗ്രേഡ്’ സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്; യുപി സീറ്റ് ചർച്ചക്ക് ഇന്ന് തുടക്കം
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്.പി) തമ്മിലുള്ള ആദ്യ ഔപചാരിക ചർച്ച ഇന്ന് ഉച്ചക്ക് ഡൽഹിയിൽ നടക്കും. കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയിൽ നടക്കുന്ന യോഗം രണ്ട് ദിവസം നീണ്ടുനിൽക്കും. ഇരു പാർട്ടികളിൽ നിന്നും നാല് വീതം നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും.

യുപി ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, സംസ്ഥാന അധ്യക്ഷ ആരാധന മിശ്ര, വർക്കിങ് പ്രസിഡന്റ് ഇമ്രാൻ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി എന്നിവരാണ് കോൺഗ്രസ് സമിതിയിലുള്ളത്. പാർട്ടി ജനറൽ സെക്രട്ടറി രാംഗോപാൽ യാദവ്, സംസ്ഥാന അധ്യക്ഷൻ ശ്യാംലാൽ പാൽ, എം.പിമാരായ രാജീവ് റായ്, ഇഖ്റ ഹസൻ എന്നിവർ സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിക്കും.

ഊഹാപോഹങ്ങൾക്ക് വിരുദ്ധമായി പ്രിയങ്ക ഗാന്ധി വാദ്ര യോഗത്തിൽ നേരിട്ട് പങ്കെടുക്കില്ല. അവർ പിന്നണിയിൽ നിന്ന് പ്രക്രിയ ഏകോപിപ്പിക്കുകയാണ്. ഉത്തർപ്രദേശിലെ ആകെ 403 നിയമസഭാ സീറ്റുകളിൽ 100ലധികം സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് സമാജ്‌വാദി പാർട്ടിയെ സമ്മതിപ്പിക്കുക എളുപ്പമായിരിക്കില്ലെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.

സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നുണ്ടാകില്ലെന്നും കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചായിരിക്കും ഇന്നത്തെ ചർച്ചയെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഈ സീറ്റുകളിൽ എങ്ങനെ വിജയിക്കാനാകുമെന്നും എന്തായിരിക്കും തന്ത്രമെന്നുമുള്ള തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ വ്യക്തമാക്കാൻ സമാജ്‌വാദി പാർട്ടി കോൺഗ്രസിനോട് ആവശ്യപ്പെടും. തുടർന്ന് കോൺഗ്രസിന്റെ ആവശ്യങ്ങളിലും നിർദേശങ്ങളിലും എസ്.പി ആഭ്യന്തര ചർച്ചകൾ നടത്തും. ഇന്നത്തെ ചർച്ചയിൽ ധാരണയായ വിഷയങ്ങൾ തുടർയോഗത്തിൽ ചർച്ച ചെയ്യുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

സഖ്യത്തിന്റെ തെഞ്ഞെടുപ്പ് സാഹചര്യത്തിൽ കരുത്തുറ്റതെന്ന് കരുതപ്പെടുന്ന ഏകദേശം 55 മുതൽ 60 വരെ ‘എ ഗ്രേഡ്’ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്നത്. ബിജെപിക്ക് ശക്തിയുള്ള 40 മുതൽ 45 വരെ സീറ്റുകൾ സമാജ്‌വാദി പാർട്ടി വിട്ടുനൽകിയേക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ഇതിലൂടെ വിജയസാധ്യത കൂടുതലുള്ള ഏകദേശം 60 സീറ്റുകൾ ഉറപ്പാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിട്ടുനിന്നതോ നേരിയ വ്യത്യാസത്തിൽ പിന്നാക്കം പോയതോ ആയ നിയമസഭാ മണ്ഡലങ്ങളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, പരമ്പരാഗതമായ Sദലിത്-മുസ്‌ലിം-ബ്രാഹ്മണ’ തെരഞ്ഞെടുപ്പ് സമവാക്യത്തിന് അനുസൃതമായ സീറ്റുകളിലും കോൺഗ്രസ് അവകാശവാദം ഉന്നയിക്കും. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി കോൺഗ്രസിന് ഏകദേശം 105 സീറ്റുകൾ അനുവദിച്ചിരുന്നു. ഇതാണ് 100 സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്.

സീറ്റുകളുടെ എണ്ണത്തിനൊപ്പം വിജയസാധ്യതയും പ്രധാനമാണെന്ന് ചർച്ചയിൽ പങ്കെടുക്കുന്ന ഒരു കോൺഗ്രസ് നേതാവ് എൻഡിടിവിയോട് പറഞ്ഞു. വിജയിക്കാൻ കഴിയുന്ന സീറ്റുകളോടൊപ്പം, യാദവേതര-മുസ്‌ലിമേതര വോട്ടർമാരെ—പ്രത്യേകിച്ച് ദലിതർ, ബ്രാഹ്മണർ, അതിപിന്നാക്ക വിഭാഗങ്ങൾ എന്നിവരെ—ആകർഷിക്കാൻ സഹായകമാകുന്ന മാന്യമായ ആകെ സീറ്റ് എണ്ണവും കോൺഗ്രസ് ആഗ്രഹിക്കുന്നു. എന്നാൽ, അമിതാവേശത്തിൽ കോൺഗ്രസ് 181 സീറ്റുകളുടെ പട്ടിക സമാജ്‌വാദി പാർട്ടിക്ക് കൈമാറി.

സീറ്റുകളുടെ എണ്ണത്തിനപ്പുറം വിജയത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ‘ജീവൻമരണ’ പോരാട്ടമാണ്. യുപിയിൽ കോൺഗ്രസിന് സ്വന്തമായി ഉറച്ച വോട്ട് ബാങ്ക് ഇല്ലെന്നും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റും രണ്ട് ശതമാനം വോട്ടുമാണ് നേടിയതെന്നും ഒരു സമാജ്‌വാദി പാർട്ടി എം.പി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ സഖ്യത്തിൽ വലിയൊരു വിഹിതം സീറ്റുകൾക്കായി വാദിക്കുന്നതിനുപകരം, കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചതും ശക്തരായ പ്രാദേശിക നേതാക്കളുള്ളതുമായ മണ്ഡലങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധിക്കേണ്ടതെന്നാണ് എസ്.പിയുടെ നിലപാട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, സമാജ്‌വാദി പാർട്ടി കോൺഗ്രസിന് ഏകദേശം 55 സീറ്റുകളുടെ പട്ടിക കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി വിജയിച്ച സഹാറൻപൂർ ദേഹത്ത്, ബെഹത്, അമേഠി, റായ്ബറേലി തുടങ്ങിയ മണ്ഡലങ്ങളിലെ തർക്കം എങ്ങനെ പരിഹരിക്കപ്പെടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഹാറൻപൂരിലെ രണ്ട് സീറ്റുകൾക്കും വർക്കിങ് സ്റ്റേറ്റ് പ്രസിഡന്റ് ഇമ്രാൻ മസൂദ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, അമേഠി, റായ്ബറേലി സീറ്റുകളുമായി ഗാന്ധി കുടുംബത്തിന്റെ അഭിമാനം ബന്ധപ്പെട്ടിരിക്കുന്നു. കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്ക് സമർപ്പിച്ച 181 സീറ്റുകളുടെ പട്ടികയിൽ ഈ ജില്ലകളിലെ എല്ലാ മണ്ഡലങ്ങളും ഉൾപ്പെട്ടിരുന്നു.

അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും തമ്മിൽ മികച്ച ധാരണയുണ്ട്. നവംബർ 16ന് ഇരു നേതാക്കളും പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. നിലവിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സീറ്റുകളിൽ സമാജ്‌വാദി പാർട്ടി നേതാക്കൾ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുക എന്നതാണ് ഉയർന്നുവരുന്ന ഒരു സാധ്യതാ ഒത്തുതീർപ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress seeks 60 A-grade seats, UP talks begin today
Next Story