കർണാടകയിൽ സിദ്ധരാമയ്യ തുടരുമോ? അതോ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോ; തീരുമാനം ഡിസംബർ ഒന്നിന് അറിയാം
text_fieldsന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തർക്കത്തിൽ ഡിസംബർ ഒന്നിന് തീരുമാനമാകും. ഡിസംബർ ഒന്നിന് തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിർണായക തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് ഉടൻ തന്നെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ച ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഇരുവരുമായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതുകഴിഞ്ഞാലുടൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കും. നവംബർ 28നോ 29നോ ആയിരിക്കും ഇതെന്നും സൂചനയുണ്ട്.
അധികാരം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾ പൊതുമധ്യത്തിൽ നടത്തുന്ന അഭിപ്രായപ്രകടനത്തിൽ ഖാർഗെ ആശങ്ക പ്രകടിപ്പിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാനാണ് സാധ്യത. പാർട്ടിയിൽ വിള്ളലുണ്ടാകുന്നത് തടയുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം.
അതേസമയം, അടുത്ത മാർച്ച് വരെയെങ്കിലും നിലവിലെ സ്ഥിതി തുടരണമെന്നും അതു കഴിഞ്ഞ് മന്ത്രിസഭ പുനഃസംഘടനം വേണമെന്നുമാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ആവശ്യം.
അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൃത്യമായ പ്ലാൻ മുന്നോട്ടുവെക്കണമെന്നാണ് ശിവകുമാർ പക്ഷം ഉന്നയിക്കുന്നത്. 2023ൽ സർക്കാർ രൂപവത്കരിക്കുമ്പോൾ സിദ്ധരാമയ്യയും ഡി.കെയും തമ്മിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെ കുറിച്ച് ഏകദേശ ധാരണയാക്കിയിരുന്നുവെന്നും അത് നടപ്പാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഇക്കാര്യത്തിൽ അവസാന വാക്ക് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെതുമായിരിക്കും. കർണാടക യൂനിറ്റിനുള്ളിൽ തന്നെ സമ്മർദം ശക്തമാകുമ്പോൾ ഹൈക്കമാൻഡ് അതിന് വഴങ്ങുമോ എന്നാണ് അറിയേണ്ടത്.
രാഹുൽ ഗാന്ധി പിന്തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിദ്ധരാമയ്യയും അനുയായികളും. മാത്രമല്ല, എം.എൽ.എമാരുടെ പിന്തുണയും സിദ്ധരാമയ്യക്കാണ്. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരിൽ പെടുന്ന രാംനഗര എം.എൽ.എ ഇഖ്ബാൽ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത്തരം പരസ്യ പ്രസ്താവനകളിലും ഊഹാപോഹങ്ങളിലും ആണ് പാർട്ടി ഇപ്പോൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

