വിജയാഘോഷത്തിൽ വിദ്വേഷവുമായി മോദി; ഇന്നത്തേത് ‘മുസ്‍ലിം ലീഗ്, മാവോയിസ്റ്റ് കോൺഗ്രസ്’; തെരഞ്ഞെടുപ്പ് കമീഷന് അഭിനന്ദനം; കോൺഗ്രസ് പരാന്നഭോജി
text_fieldsബിഹാറിലെ വിജയം ആഘോഷിക്കാനായി ദേശീയ കമ്മിറ്റി ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പി, ജെ.ഡി.യു നേതൃത്വത്തിലെ എൻ.ഡി.എ മുന്നണിയുടെ ചരിത്ര ജയത്തിനു പിന്നാലെ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു നടന്ന വിജാഘോഷത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും വിദ്വേഷ പരാമർശം നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ആസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയിൽ നടന്ന വിജയാഘോഷത്തിനെത്തിയ ആയിരക്കണക്കിന് പ്രവർത്തകർക്ക് നടുവിലേക്ക് ബിഹാരികളുടെ പരമ്പരഗത തുവാലയായ ‘ഗംച’ വീശിയെത്തിയ പ്രധാനമന്ത്രിയെ പുഷ്പവൃഷ്ടിയോടെയാണ് വരവേറ്റത്.
ബിഹാറിലെ ജനങ്ങൾക്ക് ഇന്ന് ആഘോഷിക്കേണ്ട ദിവസമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ നരേന്ദ്രമോദി കോൺഗ്രസിനെ രൂക്ഷ വിമർശനവും പരിഹാസവുംകൊണ്ട് നേരിട്ടും. ഇന്നത്തെ കോൺഗ്രസ് മുസ്‍ലിം ലീഗ്, മാവോയിസ്റ്റ് കോൺഗ്രസ് (എം.എം.സി) ആയെന്നായിരുന്നു മോദിയുടെ പരിഹാസം.
തെരഞ്ഞെടുപ്പിലെ വലിയ തോൽവിക്കു പിന്നാലെ കോൺഗ്രസിൽ വലിയൊരു പിളർപ്പ് ഉണ്ടാകും. തോൽവി കണ്ട് ആർ.ജെ.ഡി പകച്ചുപോയി. അവരും കോൺഗ്രസും തമ്മിൽ ഇനി ഏറ്റുമുട്ടൽ ആരംഭിക്കും. കോൺഗ്രസിന്റെ നെഗറ്റീവ് രാഷ്ട്രീയ സ്വന്തം സഖ്യകക്ഷികളെ പോലും പ്രതികൂലമായി ബാധിക്കുന്നു -മോദി പറഞ്ഞു.
ബിഹാറിലെ ഒരു പാർട്ടിയുടെ മുസ്‍ലിം യാദവ് ഫോർമുലയെ തള്ളി, മഹളി-യൂത്ത് (എം.വൈ) എന്ന തങ്ങളുടെ ഫോർമുലക്കണ് ജനം വിജയം നൽകിയതെന്ന് ആർ.ജെ.ഡിയെ കുറ്റപ്പെടുത്തികൊണ്ട് മോദി പറഞ്ഞു.
കൂടുതൽ യുവാക്കളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. ഈ യുവാക്കൾ എല്ലാ മതങ്ങളിലും ജാതികളിലും പെട്ടവരാണ്. അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സ്വപ്നങ്ങളും ജംഗിൾ രാജിന്റെ വർഗീയ ‘മൈ (എം.വൈ) ഫോർമുലയെ തോൽപിച്ചു -മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും മോദി അഭിനന്ദിച്ചു.
രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ എവിടെയും റീപോളിംഗ് നടത്തേണ്ട ആവശ്യമില്ലായിരുന്നു. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കി. അതിന് ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും എല്ലാ തിരഞ്ഞെടുപ്പ് ജീവനക്കാരെയും സുരക്ഷാ സേനയെയും വോട്ടർമാരെയും അഭിനന്ദിക്കുന്നു’ -മോദി പറഞ്ഞു.
വോട്ട് ചോരിയിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിക്കുന്നതിനിടെ, ജനാധിപത്യത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർവഹിച്ചതെന്ന് മോദി പ്രശംസിച്ചു.
ഘടകകക്ഷികളെ പോലും ഇല്ലാതാക്കുന്ന പരാന്നഭോജിയാണ് കോൺഗ്രസെന്നും മോദി പരിഹസിച്ചു. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് കാര്യമായ സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസുമായി സഖ്യം ചേരുന്ന ഘടകകക്ഷികൾ പലതവണ ചിന്തിക്കണമെന്നും മോദി വിമർശിച്ചു.
കേരളത്തിൽ അടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഊർജം ബിഹാർ നൽകുന്നു വെന്നും കോൺഗ്രസ് ആർ.ജെ.ഡി ബിഹാറിൽ തകർന്നുവെന്നും മോദി പറഞ്ഞു. ബിഹാറിലൂടെ ഒഴുകി ബംഗാളിലെത്തുന്ന ഗംഗാനദി പോലെ, ബിഹാർ പിടിച്ച ബി.ജെ.പി ബംഗാൾ പിടിക്കുമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

