കമാൻഡോകൾ, സ്നൈപ്പേഴ്സ്, ഡ്രോണുകൾ, എ.ഐ മോണിറ്ററിങ്; പുടിന്റെ ഇന്ത്യയിലെ സുരക്ഷ ഇങ്ങനെ...
text_fieldsന്യൂഡൽഹി: നാളെയാണ് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തുക. ദ്വിദിന സന്ദർശനത്തിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനിൽ പുടിന് പ്രത്യേക വിരുന്നും ഒരുക്കുന്നുണ്ട്. സന്ദർശനത്തോടനുബന്ധിച്ച് പുടിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.
റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിലെ ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്ത്യയുടെ നാഷനൽ സെക്യൂരിറ്റി ഗാർഡിലെ ഉന്നത കമാൻഡോകൾ, സ്‌നൈപ്പർമാർ, ഡ്രോണുകൾ, ജാമറുകൾ, എ.ഐ മോണിറ്ററിങ് തുടങ്ങി അഞ്ചു ലെയർ സുരക്ഷ വലയമാണ് പുടിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. നാളെ വൈകീട്ടോടെ പുടിൻ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിക്കൊപ്പമായിരിക്കും റഷ്യൻ പ്രസിഡന്റിന് അത്താഴം.
വെള്ളിയാഴ്ച പിന്നീട് രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്മാരകം സന്ദർശിക്കും. തുടർന്ന് ഹൈദരാബാദ് ഹൗസിലെ ഉച്ചകോടിയിലും ഭാരത് മണ്ഡപത്തിലെ ഒരു പരിപാടിയിലും പുടിൻ പങ്കെടുക്കും.
സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റഷ്യയിൽ നിന്ന് നാല് ഡസനിലധികം ഉന്നത സുരക്ഷ ഉദ്യോഗസ്ഥർ നേരത്തേ തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഡൽഹി പൊലീസിനും എൻ.എസ്.ജി ഉദ്യോഗസ്ഥർക്കുമൊപ്പം റഷ്യൻ പ്രസിഡന്റിന്റെ സൈനിക വ്യൂഹം കടന്നുപോകുന്ന വഴികളെല്ലാം അണുവിമുക്തമാക്കുകയാണ് ഈ ഉദ്യോഗസ്ഥർ. പ്രസിഡന്റിന്റെ സുരക്ഷക്കായി പ്രത്യേക കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂം എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രത്യേക ഡ്രോണുകൾ വഴിയാണ് ഉറപ്പാക്കുക. പുടിന്റെ നീക്കങ്ങൾ സജീവമായി നിരീക്ഷിക്കാൻ പ്രത്യേകം സ്നൈപ്പർമാരുമുണ്ട്. ജാമറുകൾ, എ.ഐ നിരീക്ഷണം, മുഖം തിരിച്ചറിയൽ ക്യാമറകൾ എന്നിവയാണ് പുടിന്റെ സുരക്ഷക്കായി ഒരുക്കിയ സാങ്കേതിക വിന്യാസത്തിലെ ചില ഉപകരണങ്ങൾ. പുടിൻ ഇന്ത്യയിൽ കാലുകുത്തിയാൽ ഉടൻ ഇവ സജീവമാകും. സുരക്ഷാ വിഭാഗത്തിലുള്ള എല്ലാവരും കൺട്രോൾ റൂമുമായി നിരന്തരം സമ്പർക്കം പുലർത്തും.
എൻ.എസ്.ജിയും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ പരിശോധനകളുടെ ഭാഗമായിരിക്കും. മോദിക്കൊപ്പമായിരിക്കുമ്പോൾ ഇന്ത്യയിലെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡോകളും സുരക്ഷയൊരുക്കും. പുടിന് താമസിക്കുന്ന ഹോട്ടലും പൂർണമായി അണുവിമുക്തമാക്കിയിട്ടുണ്ട്. പുടിൻ സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളിലും റഷ്യൻ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. അപ്രതീക്ഷിതമായി സന്ദർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയും തയാറായിക്കഴിഞ്ഞു.
റഷ്യൻ പ്രസിഡന്റ് ഉപയോഗിക്കുന്ന ആഡംബര ലിമോസിൻ ആയ ഓറസ് സെനറ്റ് ആണ് പുടിന്റെ സുരക്ഷാ സംവിധാനത്തിലെ ഒരു പ്രധാന ആകർഷണം. പുടിന്റെ ഇന്ത്യ യാത്രക്കായി മോസ്കോയിൽ നിന്നാണ് സെനറ്റ് വിമാനത്തിൽ കൊണ്ടുവരുന്നത്. വർഷാദ്യം ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയോടൊപ്പം റഷ്യൻ പ്രസിഡന്റ് സെനറ്റിൽ സഞ്ചരിച്ചിരുന്നു. 2018 ൽ അവതരിപ്പിച്ച സെനറ്റ്, പുടിന്റെ ഔദ്യോഗിക വാഹനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

