പുടിന്‍റെ സന്ദർശനത്തിൽ എയർ ഡിഫൻസ് സ്ക്വാഡ്രനുകളും സുഖോയ് യുദ്ധ വിമാനങ്ങളും വാങ്ങുന്നതിൽ ചർച്ച നടക്കും
text_fieldsന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് അദ്ദേഹം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. രാഷ്‍ട്രപതി അദ്ദേഹത്തെ സ്വീകരിക്കുകയും രാഷ്‍ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യുമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും.
റഷ്യൻ പ്രസിഡന്‍റ് 23ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ച് എത്തുന്ന അദ്ദേഹം ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും വ്യാപാര വിഷയങ്ങളും ചർച്ച ചെയ്യും. എസ്-400 എയർ-ഡിഫൻസ് സ്ക്വാഡ്രനുകളും, സുഖോയ് - 57 യുദ്ധവിമാനങ്ങളും കൂടുതലായി വാങ്ങുന്ന കാര്യത്തിൽ ഊന്നൽ നൽകിയുള്ള ചർച്ചകളും നടക്കുമെന്നാണ് വിവരം.
സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ കരാറുകൾ ഒപ്പുവെക്കാനിടയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഈ സന്ദർശനം വിനിയോഗിക്കും.
യുക്രെയിനുമായി തുടരുന്ന യുദ്ധവും ചർച്ചാ വിഷയമാകും. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവൽ കഴിഞ്ഞ ആഗസ്റ്റിൽ മോസ്ക്കോ സന്ദർശിച്ച വേളയിൽ റഷ്യൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചതാണെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. ചൈനയിൽ സെപ്റ്റംബറിൽ നടന്ന ഷാംഗായ് ഉച്ചകോടിയുടെ പാർശ്വങ്ങളിൽ മോദിയും പുടിനും തമ്മിൽ സംഭാഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

