‘ഇത് തായ്‌മാമന്റെ സ്നേഹസമ്മാനം’: കുഞ്ഞുങ്ങൾക്ക് സ്വർണമോതിരമണിയിച്ച് വിജയ്
text_fieldsമധുര: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സർക്കാരിന്റെ വക സ്വർണമോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ തങ്ക മോതിരം തിട്ടം' പദ്ധതിക്ക് മധുരയിൽ തുടക്കം. മുഖ്യമന്ത്രി ജോസഫ് വിജയ് മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ 25 കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് സ്വർണമോതിരം സമ്മാനിച്ചു.സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കാനും പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനുമാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒരു ഗ്രാം തൂക്കം വരുന്ന 22 കാരറ്റ് സ്വർണമോതിരമാണ് ഓരോ കുഞ്ഞിനും നൽകുക. ഈ വർഷം ജൂൺ 22-ന് ഉച്ചയ്ക്ക് ശേഷം ജനിച്ച എല്ലാ കുട്ടികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ഇതിനായി തമിഴ്നാട് സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ആറ് രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സംസ്ഥാനത്തുടനീളം സജ്ജീകരിച്ചിട്ടുള്ള 107 കേന്ദ്രങ്ങൾ വഴിയാകും മോതിരം വിതരണം ചെയ്യുക.
പദ്ധതി ഉദ്ഘാടനം ചെയ്തത് മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ സ്വർണമോതിരം കൈമാറും. കഴിഞ്ഞ മാർച്ച് ഏഴിന് വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ടി.വി.കെ പാർട്ടിയുടെ പരിപാടിയിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിയാണ് മുഖ്യമന്ത്രി ഇപ്പോൾ ഔദ്യോഗികമായി നടപ്പിലാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

